ഫുട്ബോൾ കഴിഞ്ഞേ മാമുക്കോയയ്ക്ക് എന്തുമുള്ളൂ. അത്രയേറെ കാൽപ്പന്തുകളിയെ സ്നേഹിച്ചിരുന്നു ആ കലാകാരൻ. അതുകൊണ്ടുതന്നെയാണ് ശാരീരിക അവശത വകവെക്കാതെ സെവൻസ് ഫുട്ബോൾ ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്യാനായി മാമുക്കോയ മലപ്പുറത്തെ കാളികാവിൽ എത്തിയത്. ‘ഫുട്ബോൾ ടൂർണമെന്‍റല്ലേ എന്തായാലും വന്നിരിക്കും’- സംഘാടകർ ക്ഷണിച്ചപ്പോൾ മാമുക്കോയ പറഞ്ഞത് ഇതായിരുന്നു.
കാളികാവ് പൂങ്ങോട് ജനകീയ ഫുട്ബോൾ ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്യാനായിരുന്നു ഞായറാഴ്ച വൈകിട്ടോടെ മാമുക്കോയ എത്തിയത്. കോഴിക്കോട് നിന്ന് രണ്ടര മണിക്കൂറോളം യാത്ര ചെയ്താണ് താരം എത്തിയത്. അർബുദരോഗത്തിന് ചികിത്സ തുടരുമ്പോഴാണ് അവശതകൾ വകവെക്കാതെ കൊച്ചുമകനൊപ്പം മാമുക്കോയ ഇവിടെ എത്തിയത്. മത്സരം തുടങ്ങുന്നതിന് മുമ്പാണ് മാമുക്കോയയ്ക്ക് ശാരീരിക അവശതകൾ അനുഭവപ്പെട്ടതും വണ്ടൂരിലെ ആശുപത്രിയൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതോടെ രാത്രി തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മൈതാനങ്ങളിൽനിന്ന് മൈതാനങ്ങളിലേക്ക് പറന്നുനടന്ന ഒരു ബാല്യകാലമുണ്ടായിരുന്നു മാമുക്കോയയ്ക്ക്. മരിക്കുന്നതുവരെ ഫുട്ബോൾ ഭ്രമം കെടാതെ സൂക്ഷിക്കുകയും ചെയ്തു ആ വലിയ കലാകാരൻ. മാമുക്കോയയുടെ ജന്മസ്ഥലമായ പള്ളിക്കണ്ടി നൈനാംവളപ്പ്, ഏറ്റവും ആവേശകരമായി കാൽപ്പന്തിനെ നെഞ്ചിലേറ്റിയ ഗ്രാമമാണ്. കുട്ടിക്കാലം മുതൽക്കേ ഫുട്ബോളിനൊപ്പമായിരുന്നു മാമുക്കോയയുടെ ജീവിതം. സ്കൂൾ വിട്ടുവന്നാൽ ഉടൻ കളിക്കാനായി മൈതാനത്തേക്കും പുഴയോരത്തേക്കും ഓടുകയായിരുന്നു. തുണികൊണ്ട് ഉണ്ടാക്കിയ പന്തുതട്ടി നേടിയ ഗോളുകളെക്കുറിച്ച് പലതവണ മാമുക്കോയ അഭിമുഖങ്ങളിൽ വാചാലനായിട്ടുണ്ട്.
ഫുട്ബോൾ പശ്ചാത്തലമായ ജോഷിയുടെ സെവൻസ് എന്ന സിനിമയിൽ പരിശീലകന്‍റെ വേഷമിട്ടിട്ടുണ്ട് മാമുക്കോയ. അവസാനമായി പന്ത് തട്ടിയതും, ആ സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു. ഓരോ ലോകകപ്പുകളും മാമുക്കോയയ്ക്ക് ഉത്സവമാണ്. പറ്റാവുന്ന മത്സരങ്ങളെല്ലാം ടിവിയിൽ കാണും. ബ്രസീലിന്‍റെയും പെലെയുടെയും കടുത്ത ആരാധകനായിരുന്നു മാമുക്കോയ. പെലെയുടെ കളി കാണാൻ വേണ്ടി ജയന്‍റ് ഓഫ് ബ്രസീൽ എന്ന സിനിമ വീണ്ടും വീണ്ടും കാണുമായിരുന്നു മാമുക്കോയ. ബ്രസീലിന്‍റെ മത്സരങ്ങളെല്ലാം ഏറെ ടെൻഷനോടെയാണ് മാമുക്കോയ കാണുന്നത്. ജയിച്ചാൽ ആഹ്ലാദമായി. തോറ്റാലോ മ്ലാനതയും, അടുത്ത തവണ ഉറപ്പായും കപ്പടിക്കുമെന്ന പ്രതീക്ഷയും.
മാമുക്കോയയുടെ ഫുട്ബോൾ ടച്ച് കുടുംബത്തിനും പകർന്നുകിട്ടിയിട്ടുണ്ട്. മകൻ അബ്ദുൾ റഷീദ് ഫുട്ബോളറായിരുന്നു. മകളുടെ ഭർത്താവ് സക്കീർ ഹുസൈൻ പ്രാദേശിക ഫുട്ബോളിലെ അറിയപ്പെടുന്ന ഗോൾകീപ്പറായിരുന്നു. പേരക്കുട്ടിക്ക് സിദാൻ എന്ന് പേരിട്ടതും ഈ കുടുംബത്തിന്‍റെ ഫുട്ബോളിനോടുള്ള ഇഷ്ടം വെളിവാക്കുന്നതാണ്.
Post a Comment