ബിജെപി നേതാക്കളുടെ പെൺമക്കൾ മുസ്ലീങ്ങളെ വിവാഹം കഴിച്ചാൽ അത് പ്രണയമാണെന്നും എന്നാൽ മറ്റുള്ളവർ അങ്ങനെ ചെയ്താൽ അതിനെ “ജിഹാദ്” എന്ന് വിളിക്കുമെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. ബിലാസ്പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൂടാതെ ബെമെതാര ജില്ലയിലെ ബിരാൻപൂർ ഗ്രാമത്തിൽ കഴിഞ്ഞയാഴ്ച നടന്ന വർഗീയ കലാപത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
എന്നാൽ ചില മിശ്രവിവാഹങ്ങളാണ് ബിരാൻപൂരിലെ സംഘർഷത്തിന് കാരണമെന്നായിരുന്നു ബിജെപി ഉന്നയിച്ചത്. തുടർന്ന് ബന്ദ് പ്രഖ്യാപിക്കുന്നതിനു മുൻപ് ബിജെപി സംഘർഷത്തെക്കുറിച്ച് അന്വേഷിക്കുകയോ റിപ്പോർട്ട് കൈമാറുകയോ ചെയ്തിട്ടില്ലെന്നും ബാഗേൽ ചൂണ്ടിക്കാട്ടി. ” രണ്ടു കുട്ടികൾ തമ്മിലുണ്ടായ വഴക്കാണ് വലിയ സംഘർഷത്തിലേക്ക് നയിച്ചത്. സംഭവത്തിൽ ഒരാളുടെ ജീവൻ വരെ നഷ്ടമായി. ഇത് വളരെ ദുഃഖകരവും ന്യായീകരിക്കാൻ ആവാത്തതുമാണ്. എന്നാൽ ബിജെപി ഇതിൽ തങ്ങളുടെ രാഷ്ട്രീയനേട്ടം കൊയ്യാനാണ് ശ്രമിക്കുന്നത് എന്നും ഭൂപേഷ് ബാഗേൽ പറഞ്ഞു.
കൂടാതെ ബിജെപിയുടെ മുതിർന്ന നേതാക്കളുടെ പെൺമക്കൾ മുസ്ലിങ്ങളെ വിവാഹം കഴിച്ചിട്ടുണ്ട്. ഇത് ലൗ ജിഹാദിന്റെ ഗണത്തിൽ പെടില്ലേ എന്നും അദ്ദേഹം ചോദിച്ചു. “ഛത്തീസ്ഗഡിലെ തന്നെ ബിജെപിയുടെ ഏറ്റവും വലിയ നേതാവിന്റെ മകൾ എവിടെ പോയി. അത് ലൗ ജിഹാദല്ലേ? അവരുടെ പെൺമക്കൾ ചെയ്യുമ്പോൾ അത് പ്രണയമാണ് മറ്റാരെങ്കിലും ചെയ്താൽ അത് ജിഹാദാകും ” എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി തങ്ങളുടെ മരുമക്കളെ മന്ത്രിമാരും എംപിമാരും ആക്കുകയും മറ്റുള്ളവരെ വ്യത്യസ്ത നിയമങ്ങൾക്കനുസരിച്ച് പരിഗണിക്കുകയാണെന്നും ബാഗേല്‍ കൂട്ടിച്ചേർത്തു.
Post a Comment