90 ആനകകളുടെ വലിപ്പമുള്ള ഒരു ഭീമൻ ഛിന്നഗ്രഹം നാളെ (ഏപ്രിൽ 6ന്) ഭൂമിയോട് അടുക്കുമെന്ന് റിപ്പോർട്ടുകൾ. 2023 എഫ്‌എം (2023 FM) എന്നാണ് 270 മീറ്റർ ഉയരമുള്ള ഈ ഛിന്നഗ്രഹത്തിന്റെ പേര്. സെക്കന്റിൽ 15.8 കി.മീ വേഗതയിലാണ് ഈ ഛിന്നഗ്രഹം ഇപ്പോൾ സഞ്ചരിക്കുന്നത്. മാർച്ച് 16 നാണ് ഈ ഗ്രഹത്തെ കണ്ടെത്തിയത്. ഏപ്രിൽ 2ന് 2023 എഫ്‌എമ്മിന്റെ റൂട്ട് സ്ഥിരീകരിക്കുകയും ചെയ്തു. നാസയുടെ കണക്കുകൂട്ടലുകൾ പ്രകാരം, ഈ ഛിന്നഗ്രഹം നിലവിൽ സൂര്യനെ വലംവയ്ക്കാൻ 271 ദിവസമെടുക്കും. ഇത് ഭൂമിയുടെ ഉപരിതലത്തിലേക്ക് 3,000,000 കിലോമീറ്ററിൽ കൂടുതൽ അടുത്തെത്തില്ലെന്നാണ് പ്രവചിക്കപ്പെടുന്നത്.
അതായത് ഈ ഛിന്നഗ്രഹം ഭൂമിയിൽ എന്തെങ്കിലും പ്രത്യാഘാതം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ഫെബ്രുവരി അവസാനത്തോടെ കണ്ടെത്തിയ 2023 ഡിഡബ്ല്യു (2023 DW) എന്ന ഛിന്നഗ്രഹത്തെക്കുറിച്ച് നാസ അടുത്തിടെ ഭയപ്പെടുത്തുന്ന ചില വിവരങ്ങൾ പങ്കുവെച്ചിരുന്നു. ഈ ഗ്രഹം 2046 ഫെബ്രുവരി 14 ന് ഭൂമിയുടെ സമീപത്ത് എത്തുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഇത് ഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യതയുണ്ട് എന്നും ശാസ്ത്രജ്ഞർ പറയുന്നു.
“2046-ൽ ഭൂമിയെ ഇടിക്കാൻ സാധ്യതയുള്ള 2023 ഡബ്ല്യുവി എന്നു പേരുള്ള ഒരു പുതിയ ഛിന്നഗ്രഹത്തെ ഞങ്ങൾ ട്രാക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. പലപ്പോഴും ഇത്തരം പുതിയ വസ്തുക്കളെ ആദ്യമായി കണ്ടെത്തുമ്പോൾ, അനിശ്ചിതത്വങ്ങൾ കുറയ്ക്കുന്നതിനും അവയുടെ ഭ്രമണപഥങ്ങൾ കൃത്യമായി പ്രവചിക്കുന്നതിനും നിരവധി ആഴ്ചകൾ നീണ്ട നിരീക്ഷണം ആവശ്യമാണ്”, നാസ പറഞ്ഞു.
2023 ഡിഡബ്ല്യുവിന് 50 മീറ്റർ വ്യാസം ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. “ഓർബിറ്റ് അനലിസ്റ്റുകൾ ഈ ഛിന്നഗ്രഹത്തെ നിരീക്ഷിക്കുന്നത് തുടരുകയും കൂടുതൽ ഡാറ്റ ലഭിക്കുന്നത് അനുസരിച്ച് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുകയും ചെയ്യും,” നാസ ട്വീറ്റ് ചെയ്തു. 2023 ഡിഡബ്ല്യു ഭൂമിയിൽ എന്തെങ്കിലും പ്രത്യാഘാതം ഉണ്ടാക്കാൻ നിലവിൽ 600-ൽ ഒരു സാധ്യത മാത്രമാണ് ഉള്ളതെന്നും നാസ പറഞ്ഞു. ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത കൽപിക്കുന്ന ചെറുഗ്രഹങ്ങളുമായി ബന്ധപ്പെട്ട നാസയുടെ റിസ്ക് ലിസ്റ്റിൽ നിലവിൽ ഈ ഛിന്നഗ്രഹം ഒന്നാം സ്ഥാനത്താണ്.
2023 ഡിഡബ്ല്യു ഒരു നഗരത്തിലോ മെട്രോപൊളിറ്റൻ പ്രദേശത്തോ ഇടിച്ചാൽ ഗുരുതരമായ നാശനഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഏകദേശം 4.6 ബില്യൺ വർഷങ്ങൾക്ക് മുമ്പ് സൗരയൂഥം രൂപപ്പെട്ടപ്പോൾ അവശേഷിച്ച പാറക്കഷണങ്ങളാണ് ഛിന്നഗ്രഹങ്ങൾ എന്നറിയപ്പെടുന്നത്. ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരത്തിന്റെ 1.3 മടങ്ങ് കുറവാണ് (ഏകദേശം 93 ദശലക്ഷം മൈൽ) ഒരു ഛിന്നഗ്രഹവും ഭൂമിയും തമ്മിലുള്ള അകലമെങ്കിൽ അത് ഭൂമിയോടടുത്തു എന്നു പറയാമെന്ന് നാസ പറയുന്നു.
Post a Comment