ദില്ലി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ കേസില്‍ അറുപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ദയാസിംഗ് എന്ന് അറിയപ്പെടുന്ന ഐഷിലാല്‍ ഝാമിനെ ആണ് ഇന്‍ഡോര്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രാഹുല്‍ ഗാന്ധി നയിച്ച കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പായിട്ടാണ് ഭീഷണിക്കത്ത് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് സംഭവം.
രാഹുല്‍ ഗാന്ധിക്കും മധ്യപ്രദേശിലെ മുന്‍ മുഖ്യമന്ത്രി കൂടിയായ കമല്‍ നാഥിനും എതിരെയുളള ഭീഷണി ആയിരുന്നു കത്തിലുണ്ടായിരുന്നത്. ഭാരത് ജോഡോ യാത്ര ഇന്‍ഡോറില്‍ പ്രവേശിക്കുന്നതോടെ രാഹുല്‍ ഗാന്ധിയേയും കമല്‍ നാഥിനേയും ബോംബ് സ്‌ഫോടനത്തില്‍ കൊലപ്പെടുത്തും എന്നായിരുന്നു കത്തിലെ ഭീഷണി. 1984ലെ സിഖ് കലാപത്തിന്റെ പ്രതികാരം എന്ന നിലയ്ക്കായിരുന്നു ഭീഷണിയുണ്ടായിരുന്നത്
ഇന്‍ഡോറിനെ ഒരു ബേക്കറിക്ക് മുന്നില്‍ നിന്നായിരുന്നു ഈ ഭീഷണിക്കത്ത് ലഭിച്ചിരുന്നത്. വ്യാഴാഴ്ചയാണ് ദയാസിംഗിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ദേശീയ സുരക്ഷാ നിയമം അടക്കം ചുമത്തിയാണ് ഇന്‍ഡോറില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. നാട് വിടാനുളള ശ്രമത്തിനിടെ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇയാളെ പിടികൂടിയത് എന്ന് ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണര്‍ നിമിഷ് അഗര്‍വാള്‍ പിടിഐയോട് പ്രതികരിച്ചു.
ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായുളള വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ ഇയാളെ അറസ്റ്റ് ചെയ്തത്. രാഹുല്‍ ഗാന്ധിക്ക് എന്തുകൊണ്ടാണ് ദയാ സിംഗ് ഇത്തരമൊരു വധഭീഷണിക്കത്ത് അയച്ചത് എന്ന് വ്യക്തമല്ലെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ് എന്നും നിമിഷ് അഗര്‍വാള്‍ പറഞ്ഞു.
Post a Comment