Join News @ Iritty Whats App Group

60 ലക്ഷം രൂപ അടയ്ക്കണമെന്ന് കർണാടക പൊലീസിന്‍റെ കത്ത്; മദനിയുടെ കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിൽ


ബംഗ്ലൂരു: സുപ്രീംകോടതിയിൽ നിന്ന് ജാമ്യവ്യവസ്ഥയിൽ ഇളവ് കിട്ടിയ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയുടെ കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിൽ. യാത്രയ്ക്ക് 60 ലക്ഷം രൂപ അടയ്ക്കണമെന്ന് കാട്ടി കർണാടക പൊലീസ് കത്ത് നൽകി. 

82 ദിവസത്തെ യാത്രയ്ക്ക് 20 സുരക്ഷാ ഉദ്യോഗസ്ഥരാണ് മദനിയെ അനുഗമിക്കുന്നത്. ഇവർക്കുള്ള ഭക്ഷണം, താമസം, വിമാനയാത്രാച്ചെലവ്, വിമാനയാത്രയ്ക്കുള്ള പ്രത്യേക അനുമതി ഇവയെല്ലാം ചേർത്താണ് ഇത്ര വലിയ തുക നിശ്ചയിച്ചത്. ഇത്രയും തുക നൽകാൻ നിലവിൽ നിർവാഹമില്ലെന്ന് മദനിയുടെ കുടുംബം പറയുന്നത്. തുടർ നടപടികൾ എങ്ങനെ വേണമെന്ന കാര്യം സുപ്രീംകോടതി അഭിഭാഷകരുമായി സംസാരിക്കുകയാണെന്നും നിയമനടപടികൾ ആലോചിച്ച് വരുന്നതായും മദനിയുടെ കുടുംബം അറിയിച്ചു.

ചികിത്സയടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് അബ്ദുൾ നാസർ മദനി ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയത്. കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. പിതാവിന്റെ ആരോഗ്യ നില വഷളായതിനാൽ അദ്ദേഹത്തെ കാണാൻ അനുവദിക്കണമെന്നും മദനി ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മദനിയുടെ അപേക്ഷയെ കർണാടക സർക്കാർ ശക്തമായി എതിർത്തു. വ്യവസ്ഥയിൽ ഇളവ് നൽകിയാൽ മദനി ഒളിവിൽ പോകുമെന്നായിരുന്നു സർക്കാരിന്റെ വാദം. 

പക്ഷേ, മദനി ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവാണെന്നും ഇളവ് അനുവദിച്ചാൽ ഏങ്ങോട്ടും ഓടിപ്പോകില്ലെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, അഭിഭാഷകൻ ഹാരീസ് ബീരാൻ എന്നിവർ വാദിച്ചു. തുടർന്നാണ് ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് കേരളത്തിലേക്ക് പോകാൻ അനുമതി നൽകിയത്. കര്‍ണാടക പൊലീസിന്‍റെ നിരീക്ഷണത്തിൽ കേരളത്തില്‍ കഴിയാനാണ് മഅദനിക്ക് അനുമതിയുളളത്.

Post a Comment

Previous Post Next Post
Join Our Whats App Group