ദില്ലി: ബിജെപി എംഎൽഎ കൃഷ്ണാനന്ദ് റായിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ബിഎസ്പി എംപി അഫ്സൽ അൻസാരിക്ക് കോടതി 4 വർഷം തടവുശിക്ഷ വിധിച്ചു. കേസിൽ ശിക്ഷ വിധിച്ചതിനെ തുടർന്ന് അഫ്സൽ അൻസാരി എംപി അയോഗ്യനായേക്കും. ഗാസിപൂർ എംപിയാണ് അഫ്സൽ അൻസാരി. കൊലപാതകം, തട്ടിക്കൊണ്ട് പോകൽ തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് കോടതിവിധി. കേസിൽ ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഇതേ കേസിൽ അഫ്സലിന്റെ സഹോദരനും രാഷ്ട്രീയ നേതാവുമായ മുഖ്താർ അൻസാരിക്ക് 10 വർഷം തടവുശിക്ഷയും 5 ലക്ഷം രൂപ പിഴയും കോടതി ചുമത്തി.
കേസിൽ ശിക്ഷിക്കപ്പെട്ടതോടെ രാഹുൽഗാന്ധിക്ക് പിറകെ അയോഗ്യനാവുന്ന എംപിയായി മാറി അഫ്സൽ അൻസാരി. അഫ്സൽ അൻസാരി എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടും. പാർലമെന്റ് ചട്ടങ്ങൾപ്രകാരം, രണ്ടു വർഷമോ അതിൽ കൂടുതലോ തടവിനു ശിക്ഷിക്കപ്പെട്ട അംഗം അയോഗ്യനാക്കപ്പെടുമെന്നതിനാൽ അഫ്സൽ അൻസാരിയുടെ ലോക്സഭാ അംഗത്വം നഷ്ടപ്പെടും. അതേസമയം, രാഹുലിന്റെ അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതിയിൽ മേയ് 2നു വാദം തുടരും. അപ്പീലിൽ മറുപടി സമർപ്പിക്കാൻ പൂർണേഷ് മോദിക്ക് കോടതി സമയം നൽകി. കേസ് ചൊവ്വാഴ്ച തന്നെ തീർപ്പാക്കാം എന്നും കോടതി പറഞ്ഞു.
മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വിയാണ് രാഹുലിനായി ഹാജരായത്. രാഹുലിന് എതിരായ കേസ് ഗുരുതര സ്വഭാവമുള്ളതല്ലെന്ന് സിഗ്വി വാദിച്ചിരുന്നു. എവിഡൻസ് ആക്ട് പ്രകാരം നിലനിൽക്കുന്ന തെളിവുകൾ ഹാജരാക്കപ്പെട്ടിട്ടില്ല. കേസ് നിയമപരമായി നിലനിൽക്കുന്നതല്ല. രാഹുലിന് ഉണ്ടാവുന്ന നഷ്ടം ഏറെ വലുതാണ്. ജനങ്ങൾ തിരഞ്ഞെടുത്ത എംപിയെ ജനങ്ങളെ സേവിക്കാൻ അനുവദിക്കണമെന്നും സിംഗ്വി പറഞ്ഞു.
Post a Comment