തിരുവനന്തപുരം: പട്ടാപ്പകൽ പെട്രോൾ പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം രൂപ കവർന്ന കേസിലാണ് ഇൻസ്റ്റാഗ്രാം റീൽസ് താരവും കൂട്ടാളിയും ഇപ്പോൾ പിടിയിലായിരിക്കുന്നത്. കണിയാപുരത്ത് നടന്ന സംഭവത്തിലാണ് അറസ്റ്റ്. റീൽസിൽ കാണുന്ന ചിരിക്കുന്ന മുഖമുള്ള സുമുഖന്റെ കയ്യിലിരിപ്പുകൾ ഏറെയാണെന്നാണ് പൊലീസ് രജിസ്റ്ററിലെ കേസുകൾ പറയുന്നത്.
മോഷ്ടിച്ച സ്കൂട്ടറിലെത്തിയാണ് ഇരുവരും കവർച്ച നടത്തിയത്. കിളിമാനൂർ കീഴ്പേരൂർ കിട്ടുവയലിൽ വീട്ടിൽ മീശ വിനീത് എന്ന വിനീത് (26) -നൊപ്പം കിളിമാനൂർ വെള്ളല്ലൂർ കാട്ടുചന്ത ചിന്ത്രനല്ലൂർ ചാവരുകാവിൽ പുതിയ തടത്തിൽ വീട്ടിൽ 22-കാരനായ ജിത്തുവിനെയുമാണ് മംഗലപുരം പോലീസ് പിടികൂടിയത്.
ടിക് ടോക്ക് ഇൻസ്റ്റാഗ്രാം എന്നീ സമൂഹ്യമാധ്യമങ്ങളിൽ താരമായ മീശ വിനീത് പത്തോളം മോഷണ കേസുകളിലും തമ്പാനൂർ സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത ബലാൽസംഗ കേസിലും പ്രതിയാണ്. കവർച്ചയ്ക്കു ശേഷം സ്കൂട്ടർ ഉപേക്ഷിച്ച് കടന്ന ഇവർ പല സ്ഥലങ്ങളിൽ ലോഡ്ജുകളിൽ മാറി മാറി താമസിക്കുകയായിരുന്നു. ഇവരെ തൃശൂരിലെ ലോഡ്ജിൽ നിന്നാണ് മംഗലപുരം പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്.
കഴിഞ്ഞ മാർച്ച് 23 -ന് ആയിരുന്നു കണിയാപുരത്തുള്ള എസ്ബിഐയുടെ പള്ളിപ്പുറം ശാഖയുടെ മുന്നിൽ വച്ച് കവർച്ച നടത്തിയത്. ഇന്ത്യനോയിൽ കമ്പനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവൽസ് മാനേജർ ഷാ ഉച്ചവരെയുള്ള കളക്ഷനായ അഞ്ച് ലക്ഷം രൂപ തൊട്ടടുത്തുള്ള എസ് ബി ഐയിൽ അടയ്ക്കാൻ പോകവേയാണ് സ്കൂട്ടറിലെത്തിയ രണ്ടു പേർ പണം പിടിച്ച് പറിച്ച് കടന്നുകളഞ്ഞത്.
ബാങ്കിനു മുന്നിലുണ്ടായിരുന്ന ജനറേറ്ററിന്റെ മറവിൽ നിന്നവർ ഷാ അടുത്തെത്തിയപ്പോഴേക്കും കൈയിലെ പൊതി തട്ടിപ്പറിക്കുകയായിരുന്നു. സ്റ്റാർട്ട് ചെയ്തു വച്ചിരുന്ന സ്കൂട്ടറോടിച്ച് ഉടൻ തന്നെ അമിത വേഗതയിൽ ഇവർ കടന്നു കളഞ്ഞു. ഷാ പിറകെ ഓടിയെങ്കിലും പിടികിട്ടിയില്ല. ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നു. സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു.
ഉടൻ തന്നെ മംഗലപുരം പൊലീസിൽ അറിയിച്ചു. മോഷ്ടാക്കൾ പോത്തൻകോട് ഭാഗത്തേക്കാണ് രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കി. തുടർന്ന് നടത്തിയ പരിശോധനയിൽ രാത്രിയോടെ ഹോണ്ട ഡിയോ സ്കൂട്ടർ പോത്തൻകോട് പൂലന്തറയിൽ നിന്നും കണ്ടെടുത്തു. സ്ഥിരമായി പണമടയ്ക്കുന്ന സമയം കണക്കാക്കിയാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്. നിരവധി സി സി ടി വി ക്യാമറകളും മൊബൈലുകളും പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.
സ്ത്രീകളെ വശത്താക്കി ചൂഷണം
നേരത്തെ പുറത്തുവന്ന ബലാത്സംഗ കേസിന് പിന്നാലെ നിരവധി വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇൻസ്റ്റഗ്രാം റീൽസിലൂടെ സോഷ്യൽമീഡിയയിൽ പ്രശസ്തനായ ഇയാൾ തന്റെ പ്രശസ്തി ഉപയോഗിച്് സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നതിനായി ഉപയോഗിച്ചെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്. മീശ ഫാൻ ഗേൾ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലും ഇയാള്‍ വീഡിയോകൾ അപ്ലോഡ് ചെയ്തിരുന്നു. മീശ ഫാൻ ഗേൾ എന്ന അക്കൗണ്ട് വിനീത് തന്റെ ഔദ്യോഗിക അക്കൗണ്ടിലെ സ്റ്റാറ്റസിൽ മെൻഷൻ ചെയ്തിരുന്നു. ക്ലോസപ്പ് ദൃശ്യങ്ങളായിരുന്നു ഇയാൾ കൂടുതലായും ചിത്രീകരിച്ചിരുന്നത്.
30000 -ൽ അധികം പേരാണ് ഇയാളെ ഫോളോ ചെയ്യുന്നത്. നിരവധി പേർ ഇയാളുടെ വീഡിയോ ആരാധകരായിട്ടുണ്ടായിരുന്നു. ഇതു മുതലെടുത്തു കൊണ്ടായിരുന്നു ഇയാള്‍ സ്ത്രീകളെ തന്‍റെ കുരുക്കിലാക്കിയത്. കൂടുതലും വിവാഹിതരായ സ്ത്രീകളുമായിട്ടായിരുന്നു വിനീത് ബന്ധം സൂക്ഷിച്ചിരുന്നതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയാണ് വിനീത്. അന്ന് ഇയാളുടെ ഫോൺ പരിശോധിച്ച പൊലീസ് സംഘത്തിന് ഒട്ടേറെ സ്ത്രീകൾ വിനീതിന്റെ വലയിൽ കുടുങ്ങിയതായി വ്യക്തമായിരുന്നു. സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്ന ഇയാൾ ഇവരുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകര്‍ത്തുകയും ഇവരുമൊത്തുള്ള സ്വകാര്യ ചാറ്റുകൾ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്തിരുന്നു. കാറ് വാങ്ങിക്കാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളേജ് വിദ്യാർഥിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.
Post a Comment