ഇരിട്ടി: വന മേഖലയും വനമേഖലയോട് ചേർന്നുള്ള ജനവാസ മേഖലയും നേരിടുന്ന പ്രശ്‌നങ്ങൾ അറിയുന്നതിനും പരിഹരിക്കുന്നതിനും വനം വകുപ്പ് നടത്തുന്ന കാടിനെ കാക്കാം നാടിനെ കേൾക്കാം പരിപാടിയായ ജില്ലാ തല വന സൗഹൃദ സദസ്സ് 25ന് ഇരിട്ടിയിൽ നടക്കും. വനം മന്ത്രി എ.കെ. ശശീന്ദ്രനും പിന്നാക്ക ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണനും പങ്കെടുക്കുന്ന സൗഹൃദ സദസ് 25ന് രാവിലെ 9.30ന് ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കും. സൗഹൃദ സദസ്സിന് മുന്നോടിയായി വന മേഖലയോട് ചേർന്ന് കിടക്കുന്ന പഞ്ചായത്തുകളിൽ അവലോകന യോഗം പൂർത്തിയാക്കും. പഞ്ചായത്ത് തലങ്ങളിൽ നടക്കുന്ന യോഗത്തിൽ വനമേഖലയുമായും വന്യമൃഗശല്യം ഉൾപ്പെടെയുള്ള പ്രയാസങ്ങളും പ്രശ്‌നങ്ങളും പരാതി മുഖേന എഴുതി നൽകാനും അവസരം ഉണ്ട്. വനം ഡപ്യൂട്ടി റെയിഞ്ചർ തലത്തിലുള്ള ഉദ്യോഗസ്ഥനാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
ജന സൗഹൃദ സദസ്സ് രണ്ട് ഘട്ടമായാണ് നടത്തുക. ആദ്യ ഘട്ടത്തിൽ മന്ത്രി തല സംഘം ജനപ്രതിനിധികളിൽ നിന്നും പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കും. ഇതിന് പിന്നാലെ മേഖലയിലെ വിവിധ സംഘടനകളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പരാതി കേൾക്കുകയും പ്രാദേശിക തലത്തിൽ തീർക്കാവുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുകയും ചെയ്യും. വർധിച്ചു വരുന്ന വന്യമൃഗ ശല്യം കാരണം ജനവാസ മേഖലയിലുളളവർ ഭീതിയിലാണ്. മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലായി മാറാതെ വനമേഖലയേയും വന്യമൃഗങ്ങളേയും സംരക്ഷിച്ചുക്കൊണ്ട് ജനവാസ മേഖല നേരിടുന്ന പ്രശ്്‌നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുകയാണ് സൗഹൃദ സദസിലൂടെ ലക്ഷ്യം വെക്കുന്നത്ത്. ജില്ലയിൽ വനമേഖലയോട് അതിർത്തി പങ്കിടുന്നതും വന്യമൃഗശല്യം രൂക്ഷവുമായ 20-ൽ അധികം പഞ്ചായത്തുകളിൽ നിന്നുള്ള ജനപ്രതിനിധികളും താമസക്കാരും സദസ്സിൽപങ്കെടുക്കുമെന്ന് സണ്ണിജോസഫ് എം എൽ എ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ.ശ്രീലത,വൈസ്.ചെയർമാൻ പി.പി. ഉസ്മാൻ, ഡി എഫ് ഒ പി. കാർത്തിക്ക്, കൊട്ടിയൂർ റെയിഞ്ചർ സുധീർ നെരോത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Post a Comment