മുംബൈ: ഓണ്‍ലൈന്‍ രംഗത്ത് നിരവധി പണം തട്ടിപ്പ് കേസുകൾ മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത്തരത്തില്‍ ഒരു തട്ടിപ്പിനാണ് പൂനെ സ്വദേശിയായ ഒരു യുവതി ഇരയായിരിക്കുന്നത്. ഓൺലൈൻ തട്ടിപ്പിലൂടെ ഇവർക്ക് നഷ്ടമായത് 24 ലക്ഷം രൂപയാണ്. യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്യുന്ന ജോലി നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവതിയില്‍ നിന്നും പണം തട്ടിയത്.
ഒഫ്താല്‍മോളജിസ്റ്റാണ് ഈ യുവതി. വര്‍ക്ക് ഫ്രം ഹോം ജോലിയെപ്പറ്റി അറിഞ്ഞാണ് യുവതി ഈ തട്ടിപ്പിൽ വീണത്. ജോലിയില്‍ ആകൃഷ്ടയായ യുവതി അതേപ്പറ്റി കൂടുതലന്വേഷിക്കാനായി തൊഴില്‍ദാതാവുമായി സംസാരിച്ചിരുന്നു. അദ്ദേഹം പറഞ്ഞതനുസരിച്ച് ജോലിയ്ക്ക് അപേക്ഷിക്കുകയും ചെയ്തുവെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്.
യൂട്യൂബ് വീഡിയോകള്‍ ലൈക്ക് ചെയ്യുക എന്നതായിരുന്നു ഇവര്‍ക്ക് നല്‍കിയ ജോലി. ആദ്യഘട്ടത്തില്‍ ഇവര്‍ക്ക് 10,75 രൂപ ശമ്പളമായി ലഭിച്ചിരുന്നു. ഇതിലൂടെ യുവതിയുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം. കൂടുതല്‍ പണം നേടാന്‍ ജോലിയ്ക്ക് ക്രിപ്‌റ്റോകറന്‍സി സ്‌കീമില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നും ഇവര്‍ യുവതിയെ പറഞ്ഞ് ധരിപ്പിച്ചു. ഇതേത്തുടര്‍ന്ന് യുവതി ഏകദേശം 23.8 ലക്ഷം രൂപ കമ്പനിയുടേത് എന്ന് പറഞ്ഞ രണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയും ചെയ്തു. മാര്‍ച്ച് 28, ഏപ്രില്‍ 22 തീയതികളിലായിരുന്നു ഇത്.
എന്നാല്‍ പിന്നീട് പണം പിന്‍വലിക്കാന്‍ യുവതി ശ്രമിച്ചപ്പോഴാണ് കമ്പനി പുതിയ നിര്‍ദ്ദേശവുമായി എത്തിയത്. പണം ലഭിക്കണമെങ്കില്‍ 30 ലക്ഷം രൂപ നല്‍കണമെന്ന് ഇവര്‍ യുവതിയോട് പറഞ്ഞു. പണം തരില്ലെന്ന് യുവതി പറഞ്ഞു. പിന്നീട് കമ്പനി അധികൃതരുടെ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് യുവതി പറയുന്നു.
അതേസമയം ഇതാദ്യത്തെ സംഭവമല്ല. സമാനമായ രീതിയില്‍ പൂനെയിലെ എന്‍ജീനിയറായ യുവാവിനും പണം നഷ്ടപ്പെട്ടിട്ടുണ്ട്. പാര്‍ട്ട് ടൈം ജോബ് എന്ന പേരിലാണ് യുവാവിനെ ചിലര്‍ തട്ടിപ്പിനിരയാക്കിയത്. ഇദ്ദേഹത്തില്‍ നിന്ന് 9 ലക്ഷം രൂപയാണ് അജ്ഞാത സംഘം തട്ടിയെടുത്തത്.
വീഡിയോ ലൈക്ക് ചെയ്താല്‍ ഓരോ വീഡിയോയ്ക്കും 50 രൂപ നല്‍കാമെന്ന ഓഫറുമായാണ് അജ്ഞാതര്‍ യുവാവിനെ സമീപിച്ചത്. നിക്ഷേപം നടത്തിയാല്‍ ലാഭത്തിന്റെ മുപ്പത് ശതമാനം നല്‍കുമെന്നും ഇവര്‍ യുവാവിനെ പറഞ്ഞ് ധരിപ്പിച്ചു. ഇത് വിശ്വസിച്ച് യുവാവ് ഏപ്രില്‍ 14നും 20നും ഇടയ്ക്ക് 8.96 ലക്ഷം രൂപയാണ് ഇവര്‍ക്ക് നല്‍കിയത്. അതിന് ശേഷം ഇവരെ കോണ്‍ടാക്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് യുവാവ് പറഞ്ഞത്.
ഇത്തരം വ്യാജ ഓഫറുകളില്‍വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നിക്ഷേപം നടത്തുന്നതിന് മുമ്പ് കമ്പനിയുടെ വിശ്വാസ്യതയും മറ്റ് വിവരങ്ങളും കൃത്യമാണോ എന്ന് പരിശോധിക്കണം.
അപരിചിതരായവര്‍ക്ക് നിങ്ങളുടെ സ്വകാര്യ വിവരങ്ങളോ ബാങ്ക് വിവരങ്ങളോ നല്‍കരുത്.
ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്ക് ശക്തമായ പാസ് വേര്‍ഡ് ഉപയോഗിക്കണം.
ബാങ്ക് അക്കൗണ്ട് സ്ഥിരമായി പരിശോധിക്കണം. എന്തെങ്കിലും അപാകതയുണ്ടായാല്‍ ബാങ്ക് അധികൃതരുമായി ഉടന്‍ ബന്ധപ്പെടണം.
ഇത്തരം തട്ടിപ്പുകളെപ്പറ്റി അറിഞ്ഞാല്‍ ഉടന്‍ അധികൃതരെ അറിയിക്കുക.
Post a Comment