തിരുവനന്തപുരം : സുപ്രീം കോടതിയുടെ അനുമതി ലഭിച്ചതോടെ പി.ഡി.പി. നേതാവ് അബ്‌ദുള്‍ നാസര്‍ മഅദനി 24 നു കേരളത്തിലെത്തിയേക്കും.
അബ്‌ദുള്‍ നാസര്‍ മഅദനി കേരളത്തില്‍ എത്തിയാല്‍ അദ്ദേഹത്തിന് വേണ്ട സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി. നേതാക്കള്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നും എല്ലാ സുരക്ഷയും ഒരുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി പി.ഡി.പി. വൈസ് ചെയര്‍മാന്‍ മുട്ടം നാസര്‍ അറിയിച്ചു.
കര്‍ണാടക പോലീസിലെ ഉന്നത ഉദ്യോഗസ്‌ഥര്‍ അടങ്ങുന്ന അഞ്ചംഗ സംഘം സുരക്ഷാസംവിധാനങ്ങളും മറ്റും വിലയിരുത്തുന്നതിനായി കഴിഞ്ഞദിവസം കേരളത്തില്‍ എത്തിയിരുന്നു. മഅദനിയുടെ സ്‌ഥാപനമായ അന്‍വാര്‍ശേരിയിലും കേരളത്തില്‍ എത്തിയാല്‍ അദ്ദേഹം തങ്ങുമെന്ന് കരുതുന്ന കൊച്ചിയിലും സംഘം വിശദമായ പരിശോധന നടത്തി മടങ്ങി. ഇന്നു തന്നെ അവര്‍ ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന.
റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തന്നെ മഅദനിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. വിമാനമാര്‍ഗം തിരുവനന്തപുരത്തോ നെടുമ്പാശേരിയിലോ ആയിരിക്കും അദ്ദേഹം എത്തുക. പല ഭാഗങ്ങളിലും നിന്ന് മഅദനിക്ക് ഭീഷണിയുള്ള സാഹചര്യത്തില്‍, സംസ്‌ഥാനത്ത് എത്തിയാല്‍ അദ്ദേഹത്തിന് ശക്‌തമായ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യമാണ് പി.ഡി.പി. നേതാക്കള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചത്. എല്ലാ പിന്തുണയും അദ്ദേഹം വാഗ്‌ദാനം ചെയ്‌തതായി നേതാക്കള്‍ അറിയിച്ചു. മുട്ടം നാസറിനു പുറമേ മറ്റൊരു വൈസ് ചെയര്‍മാനായ വര്‍ക്കല രാജ്, ജനറല്‍ സെക്രട്ടറിമാരായ നിസാര്‍ മേത്തര്‍, നൗഷാദ് തിക്കോടി, മൈലക്കാട് ഷാ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Ads by Google
Post a Comment