Join News @ Iritty Whats App Group

നാല് ലൈഫ് ഭവനസമുച്ചയങ്ങള്‍ നാളെ കൈമാറും,വീടും ഭൂമിയുമില്ലാത്ത 174 കുടുംബങ്ങള്‍ക്ക് ഫ്ലാറ്റുകള്‍ ലഭിക്കും

തിരുവനന്തപുരം:നാവീടും ഭൂമിയുമില്ലാത്ത 174 കുടുംബങ്ങള്‍ക്ക് ഫ്ലാറ്റുകള്‍ കൈമാറും.ഭൂരഹിതരും ഭവനരഹിതരുമായ 174 കുടുംബങ്ങളുടെ പുനരധിവാസത്തിനായി ലൈഫ് മിഷൻ നിര്‍മ്മിച്ച നാല് ഭവനസമുച്ചയങ്ങളുടെ ഉദ്ഘാടനം ഏപ്രിൽ 8ന് രാവിലെ 10.30ന് കണ്ണൂര്‍ ജില്ലയിലെ കടമ്പൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. കടമ്പൂര്‍ ഫ്ലാറ്റിലെ 44 ഗുണഭോക്താക്കള്‍ക്ക് മുഖ്യമന്ത്രി താക്കോൽ കൈമാറും. ലൈഫ് മിഷന്‍ മുഖേന സംസ്ഥാനത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആദ്യത്തെ നാല് ഫ്ലാറ്റുകളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള നൂറുദിന പരിപാടിയുടെ ഭാഗമാണ് ചടങ്ങുകള്‍. 

ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയുടെ ഭാഗമായി ഇതുവരെ 3,39,822 ഗുണഭോക്താക്കള്‍ ഭവനനിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 2022-23 സാമ്പത്തിക വര്‍ഷം 1,06,000 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതില്‍ 2022 ഏപ്രില്‍ മുതല്‍ ഇതുവരെ 54,430 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 60,160 വീടുകളുടെ നിര്‍മ്മാണം വിവിധഘട്ടങ്ങളില്‍ പുരോഗമിക്കുന്നു. ഇതിന് പുറമേ 25 ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണവും പുരോഗമിക്കുന്നു. ഇതിന് പുറമേ എറണാകുളം ജില്ലയിലെ നെല്ലിക്കുഴി, തിരുവനന്തപുരം ജില്ലയിലെ പൂവച്ചല്‍ എന്നീ പഞ്ചായത്തുകളില്‍ പുതിയ ഭവനസമുച്ചയങ്ങല്‍ നിര്‍മ്മിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. 

കെട്ടിടങ്ങള്‍ പ്രീഫാബ് സാങ്കേതിക വിദ്യയിലാണ് നിര്‍മിച്ചിരിക്കുന്നത്. എൽജിഎസ്എഫ് സാങ്കേതിക വിദ്യയില്‍ കെട്ടിടത്തിന്‍റെ ഫ്രെയിം നിര്‍മിച്ച്, അത് ഫൈബര്‍ സിമന്‍റ് ബോര്‍ഡ് ഉപയോഗിച്ച് കവര്‍ചെയ്താണ് ചുമര്‍ നിര്‍മിച്ചിരിക്കുന്നത്. കോണ്‍ക്രീറ്റ് ഉപയോഗിച്ചാണ് കെട്ടിടത്തിത്തിന്‍റെ നാലു നിലകളും വാര്‍ത്തത്. കെട്ടിടത്തില്‍ മതിയായ കാറ്റും വെളിച്ചവും ലഭിക്കുന്നതിന് രണ്ട് അകമുറ്റം നല്‍കിയിട്ടുണ്ട്. മുറികളില്‍ സെറാമിക് ടൈലും പൊതു ഇടങ്ങളില്‍ വിട്രിഫൈഡ് ടൈലുമാണ് ഫ്ലോറിംഗിന് ഉപയോഗിച്ചിരിക്കുന്നത്. ഫാന്‍, ലൈറ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്. വാഷിംഗ് മെഷിന്‍, ഫ്രിഡ്ജ് എന്നിവയ്ക്കുള്ള സംവിധാനങ്ങളും നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ സബ്സിഡിയോടെ കെട്ടിടത്തില്‍ സൗരോര്‍ജ പ്ലാന്‍റുകള്‍ അനെര്‍ട് സ്ഥാപിച്ചു. ഇത് വഴി കെട്ടിടത്തിന്‍റെ പൊതുഇടനാഴികളിലും പൊതുവിടങ്ങളിലും സൗരോര്‍ജ വൈദ്യുതി ഉപയോഗിച്ച് വെളിച്ച സംവിധാനം ഒരുക്കിയിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പെന്നാര്‍ ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയാണ് കടമ്പൂരിലെ നിര്‍മാണം നിര്‍വഹിച്ചത്. ബാക്കി മൂന്ന് ഭവനസമുച്ചയങ്ങളുടെയും നിര്‍മ്മാണം അഹമ്മദാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മിറ്റ്സുമി ഹൗസിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നിര്‍വഹിച്ചു. തൃശ്ശൂര്‍ ഡിസ്ട്രിക്ട് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നാല് പദ്ധതിയുടെയും കണ്‍സള്‍ട്ടന്‍സി നിര്‍വ്വഹണം നടത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group