ദുബൈ: ദുബൈയിലെ ദേരയില്‍ ശനിയാഴ്ച ഉച്ചയ്ക്കുണ്ടായ തീപിടുത്തത്തില്‍ മരിച്ച 16 പേരില്‍ 12 പേരെ തിരിച്ചറിഞ്ഞു. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാരെയും നാല് സുഡാന്‍ പൗരന്മാരെയും, മൂന്ന് പാകിസ്ഥാന്‍ പൗരന്മാരെയും ഒരു കാമറൂണ്‍ സ്വദേശിയെയുമാണ് തിരിച്ചറിഞ്ഞത്. മറ്റ് മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനും ഇതിനോടകം തിരിച്ചറിഞ്ഞവരുടെ തുടര്‍ നടപടികളും പുരോഗമിക്കുകയാണ്.
മലപ്പുറം വേങ്ങര സ്വദേശി കാലങ്ങാടന്‍ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരാണ് തീപിടുത്തത്തില്‍ മരിച്ച മലയാളികള്‍. ശനിയാഴ്ച ഉച്ചയ്ക്ക് 12.35ഓടെ ദേര ഫിര്‍ജ് മുറാറിലെ തലാല്‍ ബില്‍ഡിങിലാണ് തീപിടിച്ചത്. അഞ്ച് നിലകളുള്ള ഈ കെട്ടിടത്തിന്റെ നാലാം നിലയില്‍ തീ പടരുകയായിരുന്നു. റിജേഷും ഭാര്യയും താമസിച്ചിരുന്ന മുറിയുടെ തൊട്ടടുത്ത മുറിയിലാണ് തീ പിടിച്ചത്. ഇവിടെ നിന്നുള്ള പുക ശ്വസിച്ചതാണ് ഇവരുടെ മരണ കാരണമായത്.
രക്ഷാപ്രവര്‍ത്തനം നടത്തിയ ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥനും മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഒന്‍പത് പേര്‍ക്ക് സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്‍തു. മരിച്ച റിജേഷ് ദുബൈയില്‍ ട്രാവല്‍സ് ജീവനക്കാരനായിരുന്നു. ജിഷി ഖിസൈസ് ക്രസന്റ് സ്‍കൂള്‍ അധ്യാപികയും. മൃതദേഹങ്ങള്‍ നിലവില്‍ ദുബൈ പൊലീസ് മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്
ശനിയാഴ്ച ഉച്ചയ്ക്ക് 12.35നാണ് തീപിടുത്തം സംബന്ധിച്ച് വിവരം ദുബൈ സിവില്‍ ഡിഫന്‍സ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്. ആറ് മിനിറ്റിനുള്ളില്‍ അഗ്നിശമന സേനയെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. ആളുകളെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിക്കാനും ആരംഭിച്ചു. പോര്‍ട്ട് സഈദില്‍ നിന്നും ഹമരിയയില്‍ നിന്നുമുള്ള ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ അഗ്നിശമന സേനാ യൂണിറ്റുകള്‍ തൊട്ടുപിന്നാലെയെത്തി.
2.42ഓടെയാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്. പിന്നീട് കെട്ടിടം തണുപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. കെട്ടിടത്തിലെ സുരക്ഷാ സംവിധാനങ്ങളുടെ അഭാവമാണ് തീപിടുത്തത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി യുഎഇയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബന്ധപ്പെട്ട അധികൃതര്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
Post a Comment