Join News @ Iritty Whats App Group

അട്ടപ്പാടി മധുവധക്കേസ്; 13 പ്രതികള്‍ക്ക് 7 വര്‍ഷം കഠിന തടവും പിഴയും; കൂറുമാറിയവര്‍ക്കെതിരെ നടപടി


പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ചുകൊന്ന കേസിലെ പ്രതികളുടെ ശിക്ഷ വിധിച്ചു. കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ 14 പ്രതികളില്‍ 13 പേര്‍ക്ക് 7 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഒന്നാം പ്രതിക്ക് 1,05,000 രൂപയും മറ്റു പ്രതികൾക്ക് 1.18 ലക്ഷം രൂപയുമാണ് പിഴ. കേസിലെ 16-ാം പ്രതിയായ മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയുമാണ് ശിക്ഷ. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 352-ാം വകുപ്പ് (പെട്ടെന്നുണ്ടായ പ്രകോപനം മൂലമുള്ള ആക്രമണം) ചുമത്തിയാണ് ഇയാള്‍ കുറ്റക്കാരനെന്നു കണ്ടെത്തിയത്. മൂന്നുമാസംവരെ തടവുലഭിക്കാവുന്ന കുറ്റമാണിത്.

എന്നാല്‍ റിമാന്‍ഡ് കാലത്തുതന്നെ ശിക്ഷയുടെ കാലയളവ് പൂര്‍ത്തിയാക്കിയതിനാല്‍ ഇയാള്‍ തടവ് അനുഭവിക്കേണ്ടതില്ല. 500 രൂപ പിഴയടച്ചാല്‍ ഇയാള്‍ക്ക് ജയില്‍മോചിതനാകാം. മണ്ണാര്‍ക്കാട് എസ്.സി/എസ്.ടി. പ്രത്യേക കോടതി ജഡ്ജി കെ.എം. രതീഷ്‌കുമാറാണ് പ്രതികളുടെ ശിക്ഷ വിധിച്ചത്.

ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരയ്ക്കാർ മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ധിഖ്, എട്ടാം പ്രതി ഉബൈദ്, ഒൻപതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം മുനീർ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

നാലാംപ്രതി കക്കുപ്പടി കുന്നത്തുവീട്ടില്‍ അനീഷ്, 11-ാം പ്രതി മുക്കാലി ചോലയില്‍ അബ്ദുള്‍ കരീം എന്നിവരെയാണ് കേസില്‍ വെറുതെവിട്ടത്. ഭക്ഷണത്തിന് അരി മോഷ്ടിച്ചെന്നാരോപിച്ചുനടന്ന ആള്‍ക്കൂട്ട വിചാരണയ്ക്കിടെ മര്‍ദനമേറ്റ മധു 2018 ഫെബ്രുവരി 22-നാണ് കൊല്ലപ്പെട്ടത്. അട്ടപ്പാടി കാട്ടിലെ ഗുഹയില്‍നിന്ന് ഒരുകൂട്ടം ആളുകള്‍ മധുവിനെ പിടികൂടി മുക്കാലിയില്‍ കൊണ്ടുവന്ന് ആള്‍ക്കൂട്ട വിചാരണനടത്തി മര്‍ദിച്ചു. തുടര്‍ന്ന് മധു കൊല്ലപ്പെട്ടെന്നാണ് പ്രോസിക്യൂഷന്‍ കേസ്. അതേസമയം കൂറ് മാറിയ സാക്ഷികൾക്ക് എതിരെ നടപടിക്ക് കോടതി നിർദേശം നൽകി.

Post a Comment

Previous Post Next Post
Join Our Whats App Group