ഭുവനേശ്വര്‍: 10 സംസ്‌ഥാനങ്ങളിലായി 27 സ്‌ത്രീകളെ വിവാഹം കഴിച്ചു ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒഡീഷ പോലീസ് അറസ്‌റ്റ് ചെയ്‌ത രമേഷ് സെ്വയ്‌നെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസാണിത്.
ഒഡീഷയിലെ ഏറ്റവും വലിയ ആള്‍മാറാട്ടക്കാരില്‍ ഒരാളാണ് ബിഭു പ്രകാശ് സെ്വയ്‌ന്‍ എന്നറിയപ്പെടുന്ന സെ്വയ്‌ന്‍. മക്കള്‍ക്ക് എം.ബി.ബി.എസ്. സീറ്റ് വാഗ്‌ദാനം ചെയ്‌ത് ഹൈദരാബാദ് സ്വദേശികളില്‍നിന്ന് രണ്ടു കോടി തട്ടിയെടുത്ത കേസില്‍ 2011-ല്‍ ഇയാളെ അറസ്‌റ്റ് ചെയ്‌തിരുന്നു. 128 വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് കേരളത്തിലെ 13 ബാങ്കുകളില്‍നിന്ന് ഒരു കോടി തട്ടിയെടുത്ത കേസില്‍ 2006-ലും സെ്വയ്‌ന്‍ അറസ്‌റ്റിലായിരുന്നു.
ഒഡീഷ കേസില്‍, സെ്വയ്‌ന്റെ ഭാര്യമാരില്‍ ഒരാളായ ഡോ. കമലാ സേത്തി, രണ്ടാനമ്മ, ഡ്രൈവര്‍ എന്നിവരെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇവര്‍ക്കെല്ലാം ഒഡീഷ ഹൈക്കോടതി ജാമ്യം അനുവദിച്ചു.
അറുപത്തിയാറുകാരന്‍ വര്‍ഷങ്ങളായി തട്ടിപ്പിലൂടെ സമ്പാദിച്ച പണം വെളുപ്പിച്ചത് എങ്ങനെയെന്നതിന്റെ തെളിവുകള്‍ തേടി സംസ്‌ഥാന പോലീസുമായി ഇ.ഡി. ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്‌ഥരിലൊരാള്‍ പറഞ്ഞു. സെ്വയ്‌ന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും. ചോദ്യംചെയ്യലിനായി റിമാന്‍ഡ് ആവശ്യപ്പെട്ടേക്കുമെന്നും ഉദ്യോഗസ്‌ഥര്‍ കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 13നാണ് ഒഡീഷ പോലീസിന്റെ പ്രത്യേക സ്‌ക്വാഡ് സെ്വയ്‌നെ പിടികൂടിയത്. എട്ടുമാസം നീണ്ട തെരച്ചിലിനൊടുവിലായിരുന്നുഅറസ്‌റ്റ്. 2021 മേയില്‍ ഭാര്യമാരിലൊരാളായ ഡല്‍ഹി നിവാസിയായ സ്‌ത്രീ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലായിരുന്നു അറസ്‌റ്റ്. 2018-ല്‍ മാട്രിമണി സൈറ്റിലൂടെയാണ് ഈ സ്‌ത്രീ സെ്വയ്‌നെ പരിചയപ്പെടുന്നത്. അന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്‌ടര്‍ ജനറല്‍ എന്നാണ് സെ്വയ്‌ന്‍ അവകാശപ്പെട്ടതെന്നും സ്‌ത്രീ പരാതിപ്പെട്ടു.
ഭാര്യമാരെ താമസിപ്പിക്കാന്‍ ഭുവനേശ്വറില്‍ മൂന്ന് അപ്പാര്‍ട്ട്‌മെന്റുകള്‍ സെ്വയ്‌ന്‍ വാടകയ്‌ക്കെടുത്തിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഭാര്യമാരോട് പണത്തിനായി കൂടെക്കൂടെ സമ്മര്‍ദം ചെലുത്തും. പണം കൊടുത്താല്‍ അടുത്ത ഭാര്യയെ കണ്ടെത്താനുള്ള ശ്രമം തുടങ്ങുമെന്നും ഭാര്യമാര്‍ പോലീസിനോട് പറഞ്ഞു.
ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ അസിസ്‌റ്റന്റ് കമാന്‍ഡന്റ്, ഛത്തീസ്‌ഗഡില്‍ നിന്നുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, അസമിലെ ഡോക്‌ടര്‍, സുപ്രീം കോടതിയിലെയും ഡല്‍ഹി ഹൈക്കോടതിയിലെയും രണ്ട് അഭിഭാഷകര്‍, കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ ഉദ്യോഗസ്‌ഥ എന്നിവരും സെ്വയ്‌ന്‍ വിവാഹം ചെയ്‌തവരില്‍ ഉള്‍പ്പെടുന്നു!
Post a Comment