കാസർകോട്: രാത്രിയിൽ ഓട്ടോ വിളിച്ച് റെയിൽവേ സ്റ്റേഷനിലെത്തിയ യുവതിയും രണ്ടു മക്കളും റെയിൽവേ ട്രാക്കിലൂടെ നടന്നത് ഭീതി പരത്തി. ഓട്ടോ ഡ്രൈവർക്ക് തോന്നിയ സംശയത്തെ തുടർന്നുള്ള ഇടപെടൽ മൂന്ന് ജീവനുകൾ രക്ഷിച്ചു. കാസർകോട്ടാണ് സംഭവം.
തൃക്കരിപ്പൂർ ബസ് സ്റ്റാൻഡിൽനിന്നാണ് യുവതിയും സ്കൂൾ യൂണിഫോം അണിഞ്ഞ രണ്ടു മക്കളും ഓട്ടോയിൽ കയറിയത്. ഇവർ റെയിൽവേ സ്റ്റേഷന് സമീപം ഇറങ്ങുകയായിരുന്നു. എന്നാൽ ടിക്കറ്റ് കൌണ്ടറിലേക്ക് പോകുന്നതിന് പകരം യുവതിയും മക്കളും എതിർദേശയിലുള്ള റെയിൽവേ ട്രാക്കിലേക്ക് പോകുന്നതുകൊണ്ട് ഓട്ടോ ഡ്രൈവർക്ക് സംശയം തോന്നി. തുടർന്ന് ഓട്ടോഡ്രൈവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
വിവരം ലഭിച്ച ചന്തേര പൊലീസ് ഉടൻ സ്ഥലത്തെത്തി. അതിനിടെ പൊലീസ് റെയിൽവേ സ്റ്റേഷനിലും വിവരം അറിയിച്ചു. തുടർന്ന് പൊലീസ് റെയിൽവേ ട്രാക്കിൽ പരിശോധന നടത്തി. ഈ സമയം യുവതിയും മക്കളും റെയിൽവേ ട്രാക്കിലൂടെ കരഞ്ഞുകൊണ്ട് നടക്കുകയായിരുന്നു. ഇവരെ പൊലീസ് തടഞ്ഞുനിർത്തി. പാളത്തിൽനിന്ന് ഇവരെ മാറ്റിയതിന് പിന്നാലെ ട്രെയിൻ കടന്നുപോകുകയും ചെയ്തു. ഈ സമയം മക്കളെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു യുവതി.
തുടർന്ന് യുവതിയെയും മക്കളെയും പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഭർത്താവിന്‍റെ അമിത മദ്യപാനവും കുടുംബ പ്രശ്നങ്ങളും കാരണം ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞതായാണ് സൂചന. ഇന്നലെ വൈകിട്ട് കുട്ടികൾ സ്കൂളിൽനിന്ന് വന്നതിന് പിന്നാലെയാണ് ഇവർ വീടുവിട്ടിറങ്ങിയത്. സ്കൂൾ യൂണിഫോം അണിഞ്ഞിരുന്ന കുട്ടികളുടെ കൈവശം സ്കൂൾ ബാഗുമുണ്ടായിരുന്നു.
Post a Comment