Join News @ Iritty Whats App Group

ശ്വാസകോശത്തിലെ അണുബാധ; ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


വത്തിക്കാന്‍: ശ്വാസകോശത്തിലെ അണുബാധയേ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്വാസമെടുക്കുന്നതിന് മാര്‍പ്പാപ്പയ്ക്ക് ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. കുറച്ച് ദിവസം അദ്ദേഹത്തിന് അശുപത്രിയില്‍ തുടരേണ്ടി വരുമെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 86കാരനായ മാര്‍പ്പാപ്പയ്ക്ക് കൊവിഡ് 19 ഇല്ലെന്നും അദ്ദേഹത്തിന്‍റെ വക്താവ് മാറ്റിയോ ബ്രൂണി ബുധനാഴ്ച മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ വിശദമാക്കി. ബുധനാഴ്ചയാണ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

2021 ജൂലൈ മാസം 10 ദിവസത്തോളം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം ഇത് ആദ്യമായാണ് മാര്‍പ്പാപ്പ ചികിത്സാ സഹായം തേടുന്നത്. വിശുദ്ധ വാരം അടുത്തിരിക്കെ മാര്‍പ്പാപ്പയുടെ ആരോഗ്യ നിലയിലുണ്ടായ ബുദ്ധിമുട്ട് വിശ്വാസികള്‍ക്കും പ്രേക്ഷിതര്‍ക്കും ഒരു പോലെ ആശങ്ക നല്‍കുന്നതാണ്. ഓശാന ഞായറാഴ്ച തുടങ്ങുന്ന വിശുദ്ധ വാരത്തിലെ മാര്‍പ്പാപ്പയുടെ സാന്നിധ്യത്തേക്കുറിച്ചും സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വിശുദ്ധ വാര തിരു കര്‍മ്മങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പങ്കെടുക്കുമോയെന്നതും വ്യക്തമല്ല. ഏതാനും ദിവസത്തെ ആശുപത്രി വാസം ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് വേണ്ടി വരുമെന്നാണ് വക്താവ് വിശദമാക്കിയത്.

നേരത്തെ ബുധനാഴ്ചകളിലെ ആളുകളുമായുള്ള സമ്പര്‍ക്ക വേളയില്‍ അദ്ദേഹം ആരോഗ്യവാനായാണ് കാണപ്പെട്ടത്. ശ്വാസകോശത്തിലുണ്ടായ അണുബാധയേ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ശ്വാസകോശത്തിന്‍റെ ഒരു ഭാഗം നേരത്തെ നീക്കം ചെയ്തിരുന്നു. കാലിലെ ലിഗ്മെന്റിലുണ്ടായ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി വീല്‍ചെയറിന്‍റെ സഹായത്തോടെയാണ് മാര്‍പ്പാപ്പ സഞ്ചരിക്കുന്നത്. കാലിലെ പരിക്കിന് ശസ്ത്രക്രിയ ചെയ്യുന്നതില്‍ വിസമ്മതിച്ചിരുന്നതായി മാര്‍പ്പാപ്പ നേരത്തെ പ്രതികരിച്ചിരുന്നു.

2021ല്‍ ശസ്ത്രക്രിയ സമയത്ത് ജനറല്‍ അനസ്തേഷ്യ സമയത്ത് ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നതായും മാര്‍പ്പാപ്പ നേരത്തെ പ്രതികരിച്ചിരുന്നു. അടുത്ത വര്‍ഷം ഇന്ത്യയിലേക്ക് എത്തുമെന്ന് മാര്‍പ്പാപ്പ സുഡാന്‍ സന്ദര്‍ശനത്തിന് പിന്നാലെ വിശദമാക്കിയിരുന്നു. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം ഫ്രാൻസീസ് മാർപാപ്പ സ്വീകരിക്കുകയും ചെയ്തിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group