തിരുവനന്തപുരം: അരുവിക്കരയില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച മെഡിക്കല്‍ കോളേജ് ഉദ്യോഗസ്ഥന് ഉണ്ടായിരുന്ന ബാധ്യത രണ്ടു കോടിയിലേറെ. കടം കൊടുത്ത പണം തിരികെ കിട്ടാതെ വന്നതും മറ്റുള്ളവര്‍ക്ക് ജാമ്യം നിന്നും മറ്റുള്ളവരോട് കടം വാങ്ങിയും വന്‍ സാമ്പത്തീക ബാധ്യതയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ വീട് വില്‍ക്കാനുള്ള ശ്രമത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് ഭാര്യയെയും മാതാവിനെയും വധിക്കുന്നതില്‍ കൊണ്ടെത്തിച്ചത്.
കഴിഞ്ഞ ദിവസം ഇരുവരേയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളുടെ നിലയും ഗുരുതരാവസ്ഥയലാണ്. ഇയാളുടെ ജാമ്യത്തില്‍ വായ്പയെടുത്ത പലരും പിന്നീട് തിരിച്ചടയ്ക്കാതെ വഞ്ചിച്ചു. വാങ്ങിയവര്‍ തിരിച്ചടവ് മുടക്കിയതോടെ ഇയാളുടെ ശമ്പളത്തില്‍ പണം പിടിക്കാന്‍ തുടങ്ങി. അടുത്തമാസം ജോലിയില്‍ നിന്നും വിരമിക്കാനിരിക്കുന്ന ഇദ്ദേഹം സഹപ്രവര്‍ത്തകരില്‍ നിന്നും പണം കടം വാങ്ങിയിരുന്നു. വിരമിക്കുമ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങളെയും കടം ബാധിക്കുന്ന നിലയിലായിരുന്നു.
രണ്ടുകോടിയോളം രൂപ കടം കയറി മുങ്ങി നില്‍ക്കുന്ന അവസ്ഥയില്‍ വീടും സ്ഥലവും വിറ്റ് കടബാദ്ധ്യത പരിഹരിക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ ആവശ്യം ഹയര്‍സെക്കന്‍ഡറി അധ്യാപികയായ ഭാര്യ മുംതാസും ഭാര്യാമാതാവ് സഹീറയും എതിര്‍ത്തു. ഇതാണ് ഇരുവരോടും പക തോന്നാന്‍ കാരണമായത്. ഇതിനൊപ്പം കുടുംബ ജീവിതത്തിലെ അസ്വരാസ്യങ്ങളില്‍ ഭാര്യ കുടുംബകോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രശ്‌നങ്ങളെ തുടര്‍ന്ന് വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു അലി അക്ബറിന്റെ താമസം. ഭാര്യയും അമ്മയും മക്കളും താഴത്തെ നിലയിലും. പത്താം ക്ലാസില്‍ പഠിക്കുന്ന മകളുണ്ട്. മകളുടെ മുന്നില്‍വെച്ചാണ് അക്ബര്‍ ഭാര്യാമാതാവിനെ വെട്ടിക്കൊന്നതും ഭാര്യയെ കുത്തുകയും പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തത്. നോമ്പ് കാലമായതിനാല്‍ നോമ്പ് തുടങ്ങുംമുമ്പ് ഭക്ഷണം തയ്യാറാക്കാന്‍ മുംതാസും സഹീറയും അടുക്കളയിലായിരുന്നു. ഇവിടേക്ക് അപ്രതീക്ഷിതമായി കയറി വന്ന അലി ഇരുവരെയും ആദ്യം ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. തുടര്‍ന്ന് തലങ്ങും വിലങ്ങും കുത്തി. പിന്നീട് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി.
സഹീറയെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷമാണ് അലി അക്ബര്‍ ഭാര്യയ്ക്ക് നേരെ തിരിഞ്ഞത്. മുംതാസിനെ വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ച ശേഷം തീ കൊളുത്തി. നിലവിളിച്ച് നിന്ന മകളോട് പുറത്തോട്ട് പോവാന്‍ പറഞ്ഞു. കുട്ടിയുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോള്‍ അലിയും മുറിയില്‍ കയറി സ്വയം തീകൊളുത്തി. അന്തര്‍മുഖനായ അലി അധികം ആരോടും ഇടപഴകിയിരുന്നില്ല. തിരുവനന്തപുരത്തെ ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷനിലെ സീനിയര്‍ സൂപ്രണ്ടായ ഇദ്ദേഹം ജോലി കഴിഞ്ഞാല്‍ ഏറെ സമയവും വീട്ടിനുള്ളില്‍ തന്നെയായിരിക്കുകയാണ് പതിവ്.
Post a Comment