Join News @ Iritty Whats App Group

ആകാശിനെയും ജിജോയെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വിയ്യൂരിലേക്ക് മാറ്റും


കണ്ണൂര്‍: കാപ്പാ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ നടപടിയായി. കാപ്പ തടവുകാരെ സ്വന്തം ജില്ലകളിലെ ജയിലുകളില്‍ പാര്‍പ്പിക്കരുതെന്ന ജയില്‍ ചട്ടത്തെതുടര്‍ന്നാണ് നടപടി. ഇവരെ വിയ്യൂരിലേക്ക് കൊണ്ടുപോകാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പോലീസ് സംരക്ഷണം തേടി. എസ്‌കോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ ജയില്‍ മാറ്റം നടപ്പാക്കുമെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി.സമൂഹത്തിന് ഭീഷണിയാണെന്ന് കാട്ടിയാണ് ആകാശിനും ജിജോയ്ക്കുമെതിരെ കണ്ണൂര്‍ റൂറല്‍ എസ്പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാപ്പ ചുമത്തിയത്. ആറു മാസക്കാലത്തേക്ക് ഇരുവരും ജയിലില്‍ കഴിയേണ്ടി വരും.

ആകാശിനെതിരെ ഇതുവരെ രണ്ട് കൊലപാതകം ഉള്‍പെടെ 14 കേസുകളുണ്ട്. ജിജോയ്‌ക്കെതിരെ 23 കേസുകളാണ് ഉള്ളത്. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയാണ് ആകാശ് തില്ലങ്കേരി. ആകാശിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ 8 ന് തലശേരി അഡീഷണല്‍ ജില്ല കോടതി വാദം കേള്‍ക്കും. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ ആകാശ് കൂടുതല്‍ സമയം തേടി. ജാമ്യത്തില്‍ കഴിയുന്ന ആകാശിനെതിരെ മുഴക്കുന്ന്, മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ കേസ് റജിസ്റ്റര്‍ ചെയ്തതോടെ ആകാശ് ജാമ്യ വ്യവസ്ഥ ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ കെ അജിത്ത് കുമാര്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്.

കണ്ണൂര്‍ ജയിലില്‍ തീവ സുരക്ഷയുളള പത്താം ബ്ലോക്കിലാണ് രണ്ടുപേരെയും പാര്‍പ്പിച്ചിരിക്കുന്നത്. നിരീക്ഷണ ക്യാമറകള്‍, മുഴുവന്‍ സമയ പാറാവ് ഉള്‍പെടെ കര്‍ശന നിയന്ത്രണമുള്ളതാണ് ഈ പത്താം ബ്ലോക്ക്.

Post a Comment

Previous Post Next Post
Join Our Whats App Group