കണ്ണൂർ: തീവണ്ടിയിൽ കണ്ണൂർ സ്വദേശിയായ യുവതിയുടെ സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് കവർച്ച ചെയ്തു. യശ്വന്ത്പുർ-കണ്ണൂർ എക്‌സ്‌പ്രസിൽ (16527) തിങ്കളാഴ്ച പുലർച്ചെ 4.20-നാണ് സംഭവം. കണ്ണൂർ കാഞ്ഞിരോട് സ്വദേശിനി വി ശിഖയുടെ പണവും സ്വർണാഭരണങ്ങളും അടങ്ങിയ ബാഗാണ് പോദന്നൂർ സ്റ്റേഷനിൽ കവർന്നത്. കണ്ണൂർ റെയിൽവേ പോലീസിൽ പരാതി നൽകി. 26-ന് ബെംഗളൂരുവിൽ നിന്ന് കണ്ണൂരേക്ക് എസ്-9 കോച്ചിൽ യാത്ര ചെയ്യുക ആയിരുന്നു.
വണ്ടി 27-ന് പുലർച്ചെ 4.20-ന് പോദന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. ഈ സമയം ഒരാൾ കോച്ചിൽ പ്രവേശിച്ച് ശിഖയുടെ തലയ്ക്കടിയിൽ വെച്ചിരുന്ന ബാഗ് എടുത്ത് പുറത്തേക്ക് ചാടി. കൈച്ചെയിൻ, മാല, കമ്മൽ, വള അടക്കം എട്ട് പവനോളം വരുന്ന സ്വർണാഭരണങ്ങൾ ബാഗിൽ ഉണ്ടായിരുന്നു. തീവണ്ടിയിൽ വെച്ച് ആർ പി എഫിൽ പരാതിപ്പെട്ടു. പിന്നീട് കണ്ണൂരിൽ ഇറങ്ങിയ ശേഷം റെയിൽവേ പോലീസിൽ പരാതി നൽകി. സ്വർണവും പണവും അടക്കം 2.95 ലക്ഷം രൂപയുടെ സാധനങ്ങളാണ് ബാഗിൽ ഉണ്ടായിരുന്നതെന്ന് പരാതിയിൽ പറഞ്ഞു. പരാതി രജിസ്റ്റർ ചെയ്ത് പോദന്നൂർ പരിധിയിൽ ആയതിനാൽ അവിടേക്ക് കേസ് കൈമാറി.
Post a Comment