തിരുവനന്തപുരം: കോണ്‍ഗ്രസ് കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ ഗോവധ നിരോധന നിയമം നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി പറഞ്ഞെന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം. പ്രിയങ്ക ഗാന്ധിയുടെ ചിത്രമുള്‍പ്പടെയുള്ള പോസ്റ്റര്‍ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നും വ്യാജ പോസ്റ്ററാണ് പ്രചരിക്കുന്നതെന്നും കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനർ ഡോ. പി സരിന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
പ്രിയങ്ക ഗാന്ധിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ വ്യാജമാണ്. അത്തരമൊരു പ്രസ്താവന പ്രയിങ്ക ഗാന്ധി നടത്തിയിട്ടില്ല. ഇതൊരു ഉറവിടമില്ലാ പോസ്റ്ററല്ല, പ്രത്യേക അജണ്ടയോടെ പ്രചരിപ്പിക്കുന്നത് ആണ്. ആരാണ് ഇതിന് പിന്നിലെന്നത് വ്യക്തമാണ്. സമൂഹമാധ്യമങ്ങളില്‍ അത്തരമൊരു ചര്‍ച്ചയ്ക്ക് ഇടമൊരുക്കുന്നില്ല. പക്ഷേ ഇത്തരം പ്രചരണങ്ങളെ ശക്തമായി നേരിടുമെന്ന് ഡോ. സരിന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇത്തരം വ്യാജ പ്രചരണങ്ങള്‍ കോണ്‍ഗ്രസിനെതിരെ നടക്കുന്നുണ്ട്. അതുകൊണ്ടൊന്നും ജനങ്ങളെ കബളിപ്പിക്കാനാകുമെന്ന് കരുതേണ്ട. ജനങ്ങള്‍ വസ്തുതയെന്തെന്ന് തിരിച്ചറിയുന്നുണ്ട്. ദുഷ്പ്രചരണങ്ങള്‍ക്കൊണ്ട് കോണ്‍ഗ്രസിനെ തകര്‍ക്കാനാവില്ലെന്നും സരിന്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ഇത്തരത്തില്‍ പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്. ഫേസ്ബുക്കിലും വാട്ട്സാപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കുന്ന വ്യാജ പോസ്റ്ററിന് പിന്നിലെ വസ്തുത ജനങ്ങള്‍ മനസിലാക്കുമെന്നും സരില്‍ പറഞ്ഞു.
Post a Comment