Join News @ Iritty Whats App Group

ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടത് അതീവ ദുഃഖകരം; മാർ ജോസഫ് പാംപ്ലാനി

ഇരിട്ടി: ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ഒരു മനുഷ്യ ജീവൻ കൂടി പൊലിഞ്ഞത് ഏറ്റവും ദൗർഭാഗ്യകരവും ദുഃഖകരവുമായ സംഭവമാണെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. ആറളം ഫാം പുനരധിവാസ മേഖലയിൽ കഴിഞ്ഞ ദിവസം കാട്ടാന കൊലപ്പെടുത്തിയ രഘുവിന്റെ വീട്ടിൽ എത്തി മക്കളെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. രഘു കണ്ണ എന്ന യുവാവ് കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടാൻ കാരണമായത് ആന മതിൽ നിർമ്മാണം അട്ടിമറിച്ച ചീഫ് സെക്രട്ടറിയുടെയും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ധാർഷ്ട്യ നിലപാടും ഇവരെ നിയന്ത്രിക്കാൻ കഴിയാത്ത സർക്കാർ സംവിധാനങ്ങളുടെ പരാജയവും ആണ്. ഫാമിന്റെ സാഹചര്യത്തിൽ പാവപ്പെട്ട ആദിവാസികൾക്ക് സുരക്ഷിത ജീവിത സാഹചര്യം ഉറപ്പാക്കാൻ ആന മതിൽ തന്നെ വേണം എന്നത് നേരത്തേ ഉള്ള തീരുമാനമായിരുന്നു. കഴിഞ്ഞ വർഷം 3 മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടെയും പ്രദേശ വാസികളുടെയും യോഗം ഈ തിരുമാനം അംഗീകരിച്ചിരുന്നു. ഇതെല്ലാം പൊളിച്ചു ആന മതിൽ വേണ്ടെന്നും നിശ്ചയിക്കുകയും ഇതിനായി വിദഗ്ധ സമിതിയെ തീരുമാനിക്കുകയും മന്ത്രിമാരുടെ നിർദേശം കൂടി തള്ളി ഹൈക്കോടതിയിൽ ആനമതിലിന് വിരുദ്ധമായി ശുപാർശ നൽകാൻ ഇടപെടുകയും ചെയ്ത ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി തിരുത്താത്തതാണ് ഇപ്പോൾ വീണ്ടും 3 മക്കളെ കൂടി അനാഥമാക്കി രഘു ദാരുണമായി കൊല്ലപ്പെടാൻ കാരണം. ബഫർ സോൺ പ്രശ്നങ്ങളിലും മന്ത്രിമാരുടെ ഉത്തരവിനെ തള്ളുന്ന ഉദ്യോഗസ്ഥരാണ് സാധാരണ ജനങ്ങൾക്ക് ജീവിത പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതെല്ലാം ജനാധ്യപത്യ രാജ്യത്ത് പാടില്ലാത്ത കാര്യങ്ങളാണ്. 4 വർഷം മുൻപ് അന്ന് മന്ത്രി ആയിരുന്ന എ.കെ. ബാലൻ ഫാമിൽ ്പ്രഖ്യാപിച്ച ആനമതിൽ സമയബന്ധിതമായി പൂർത്തിയാക്കിയിരുന്നെങ്കിൽ രഘു ഉൾപ്പെടെ ഒടുവിൽ മരിച്ച 7 പേർ കൊല്ലപ്പെടില്ലായിരുന്നു. അന്ന് 22 കോടി രൂപയ്ക്ക് നടപ്പാകേണ്ടിയിരുന്ന ആന മതിലിന് ഇപ്പോൾ 53 കോടി രൂപയാണ് പുതുക്കിയ എസ്റ്റിമേറ്റ്. 7 ജീവന് ഒപ്പം 31 കോടി രൂപയും സർക്കാരിന് നഷ്ടവന്നിരിക്കയാണ്. മൃഗങ്ങളുടെ വിലപോലും മനുഷ്യന്മാർക്ക് ലഭിക്കാത്ത സാഹചര്യം പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്നും ആനമതിൽ പണിക്ക് വരുന്ന കാലതാമസം കണക്കിലെടുത്ത് താൽക്കാലിക സംവിധാനം എന്ന നിലയിൽ സോളാർ തൂക്കുവേലി പണിയണമെന്നും തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. 
വികാരി ജനറൽ മോൺ സെബാസ്റ്റ്യൻ പാലാക്കുഴി, അതിരൂപതാ പാസ്റ്ററൽ കോ - ഓർഡിനേറ്ററും കത്തോലിക്കാ കോൺഗ്രസ് ഡയറക്ടറുമായ ഫാ. ഫിലിപ്പ് കവിയിൽ, ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി ഫാ. ജോസഫ് കാവനാടി, അതിരൂപതാ ഡയറക്ടർ ഫാ. ജോബി ചെരുവിൽ, എടൂർ സെന്റ് മേരീസ് ഫൊറോനാ വികാരി ഫാ. തോമസ് വടക്കേമുറിയിൽ, തലശ്ശേരി അതിരൂപതാ കുടുംബ കൂട്ടായ്മ പ്രസിഡന്റ് ഡോ. എം.ജെ. മാത്യു മണ്ഡപത്തിൽ, കത്തോലിക്കാ കോൺഗ്രസ് അതിരുപതാ ജനറൽ സെക്രട്ടറി ബെന്നി പുതിയാംപുറം, ഇൻഫാം ജില്ലാ ജനറൽ സെക്രട്ടറി സണ്ണി തുണ്ടത്തിൽ, ടോമി ചക്കാലക്കുന്നേൽ, സെക്രട്ടറി സാജു തെക്കേക്കര, എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group