പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യൂവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ട വിചാരണ നടത്തി കൊലപ്പെടുത്തിയെന്ന കേസില്‍ വിധി അടുത്ത മാസം നാലിന് (ചൊവ്വാഴ്ച) പ്രഖ്യാപിക്കും. മണ്ണാര്‍ക്കാട് പ്രത്യേക പട്ടികജാതി, പട്ടിക വര്‍ഗ വിചാരണ കോടതിയാണ് വിധി പറയുക.
2018 ഫെബ്രുവരി 22നാണ് മധു കൊല്ലപ്പെട്ടത്. കേസിന്റെ നടത്തിപ്പില്‍ തുടക്കത്തില്‍ സര്‍ക്കാരിന് വലിയ വീഴ്ച സംഭവിച്ചിരിന്നു. പ്രതികളെല്ലാം ജാമ്യത്തിലിറങ്ങി. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ പോലും സര്‍ക്കാര്‍ തുടക്കത്തില്‍ തയ്യാറായില്ല. ഒന്നര വര്‍ഷത്തിനു ശേഷമാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്. എന്നല്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതെ വന്നതോടെ ആദ്യ പ്രോസിക്യുട്ടര്‍ ഒഴിവായി. ആക്ഷന്‍ കൗണ്‍സില്‍ ഇടപെട്ടതോടെയാണ് രണ്ടാമത്തെ പ്രോസിക്യുട്ടറെ നിയോഗിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ കാണിച്ച് ഇദ്ദേഹവും പിന്മാറി.
16 പ്രതികളാണ് കേസിലുള്ളത്. മൂവായിരത്തിലധികം പേജുകളുളള കുറ്റപത്രത്തില്‍ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മധുവിന്റെ ബന്ധുക്കളുള്‍പ്പടെ 24 പേര്‍ വിചാരണക്കിടെ കൂറുമാറിയിരുന്നു. 77 പേരാണ് പ്രോസിക്യൂഷന് അനുകൂലമായും മൊഴി നല്‍കിയത്. കൂറുമാറിയ വനം വകുപ്പിലെ താല്‍കാലിക ജീവനക്കാരായ നാലുപേരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഇതിനിടെ കൂറുമാറിയ സാക്ഷികള്‍ കോടതിയിലെത്തി പ്രോസിക്യൂഷന് അനുകൂല മൊഴി നല്‍കി. കൂറുമാറിയ സാക്ഷിയുടെ കാഴ്ച പരിശോധിക്കുക എന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവത്തിനും മണ്ണാര്‍ക്കാട്ടെ പ്രത്യേക കോടതി വിസ്താരത്തിനിടെ സാക്ഷിയായി.
കോടതിയിലെത്താതെ മൂന്ന് പ്രോസിക്യൂട്ടര്‍മാരാണ് കേസില്‍ നിന്നും മാറിയത്. 2022 ഫെബ്രുവരി 18നാണ് പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി രാജേന്ദ്രനും അഡീഷണല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോനും ഹാജരായത്. സാക്ഷി വിസ്താരം തുടരുന്നതിനിടെ സാക്ഷികള്‍ നിരന്തരം കൂറു മാറിയതോടെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് മധുവിന്റെ അമ്മ മല്ലി ആവശ്യപ്പെടുകയും, രാജേഷ് എം മേനോനെ പ്രോസിക്യൂട്ടറായി നിയമിക്കുകയും ചെയ്തു. പ്രോസിക്യൂട്ടര്‍മാര്‍ മാറി മാറിയെത്തിയ കേസ്, പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് വിധി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്.
Post a Comment