Join News @ Iritty Whats App Group

ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ ഹർജിയിൽ മുഖ്യമന്ത്രിക്ക് താൽകാലികാശ്വാസം;ഫുൾ ബെഞ്ചിന് വിട്ട് ലോകായുക്ത, വിധി നീളും


തിരുവനന്തപുരം : ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജിയിൽ മുഖ്യമന്ത്രിക്ക് താൽക്കാലിക ആശ്വാസം. ഹർജി മൂന്നംഗ വിശാല ബെഞ്ചിന് വിട്ടു. രണ്ടംഗ ബെഞ്ചിൽ വ്യത്യസ്ത അഭിപ്രായ വ്യത്യാസമുണ്ടെന്നും അതിനാൽ ഹർജി മൂന്നംഗ ബെഞ്ചിന് വിടുകയാണെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അറിയിച്ചു. മൂന്നംഗ ബെഞ്ച് വീണ്ടും വിശമായ വാദം കേട്ട ശേഷമാകും ഇനി വിധി പറയുക. ഇതിനുള്ള തീയതിയും പിന്നീട് പ്രഖ്യാപിക്കും. 

മന്ത്രിസഭാ തീരുമാനം ലോകായുക്തക്ക് പരിശോധിക്കാമോ എന്നതിലും കേസ് നിലനിൽക്കുമോ എന്നതിലുമാണ് രണ്ട് ജസ്റ്റിസുമാർക്കും വ്യത്യസ്ത അഭിപ്രായമുണ്ടായത്. ഈ വിഷയങ്ങളിലൊന്നും ഐക്യത്തിൽ എത്താൻ സാധിക്കാത്തതിനാൽ ഫുൾ ബെഞ്ചിന് വിടുന്നുവെന്നാണ് വിധിയിൽ വ്യക്തമാക്കുന്നത്. എന്നാൽ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹർജിക്കാരൻ ആർ എസ് ശശികുമാർ അറിയിച്ചു. 

കഴിഞ്ഞ വർഷം മാർച്ച് 18 ന് വാദം പൂർത്തിയായി ഒരു വർഷം പിന്നിട്ടിട്ടും വിധി വൈകിയതിനാൽ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിധി പ്രഖ്യാപനമുണ്ടായത്. അഴിമതിയും സ്വജനപക്ഷപാതവും തെളിഞ്ഞാൽ പൊതുപ്രവർത്തകൻ വഹിക്കുന്ന പദവി ഒഴിയേണ്ടിവരുമെന്ന ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് പ്രകാരമുള്ള കേസാണ് മൂന്നംഗ ബെഞ്ചിന് വിട്ടത്. 

എൻസിപി നേതാവായിരുന്ന ഉഴവൂർ വിജയന്‍റെ കുടുംബത്തിന് 25 ലക്ഷവും അന്തരിച്ച എംഎൽഎ. കെകെ രാമചന്ദ്രന്‍റെ കുടുംബത്തിന് എട്ടരലക്ഷവും കോടിയേരി ബാലകൃഷ്ണന്‍റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷവും അനുവദിച്ചത് ചോദ്യം ചെയ്തായിരുന്നു പരാതി ലോകായുക്തക്ക് മുന്നിലെത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group