കോഴിക്കോട് : ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര അപര്യാതമെന്ന് പരാതിക്കാരി ഹര്‍ഷിന.ഇത്രയും കാലം അനുഭവിച്ച വേദനയെ അപഹസിക്കലാണ് ഇപ്പോള്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം.ഇതുവരെയുളള ചികിത്സയ്ക്ക് തന്നെ നല്ലൊരു തുക ചെലവായിട്ടുണ്ട്. നഷ്ടപരിഹാരംസ്വീകരിക്കില്ലെന്നും നീതി ലഭിക്കും വരെ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവുമായി മുന്നോട്ട് പോകുമെന്നും ഹര്‍ഷിന പറഞ്ഞു.
ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ ഹര്‍ഷിനയ്ക്ക് നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ഈ തീരുമാനമാണ് ഹര്‍ഷിന തള്ളിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്. ആരോഗ്യവകുപ്പിന്റെ കീഴില്‍ നടത്തിയ രണ്ട് അന്വേഷണങ്ങളിലും ശസ്ത്രക്രിയ ഉപകരണം ഏത് അവസരത്തിലാണ് വയറ്റില്‍ കുടുങ്ങിയതെന്ന് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ നീതി തേടി സമരമിരുന്ന ഹര്‍ഷിനയെ പിന്തിരിപ്പിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരമെന്ന ഉറപ്പ് നല്‍കിയത്. കുറ്റക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സമരം അവസാനിപ്പിച്ച് മൂന്നാഴ്ച കഴിഞ്ഞിട്ടും യാതൊരു അനക്കവുമുണ്ടായിട്ടില്ല.
Post a Comment