ഇരിട്ടി: ലോക ബാങ്കിന്റെ വിദഗ്ധസംഘം ആറളം ഫാമിൽ സന്ദർശനം നടത്തി അതിരുത്തരുമായി ചർച്ച നടത്തി. സംസ്ഥാനത്ത് നടപ്പാക്കാനിരിക്കുന്ന വികസന സാധ്യതകൾ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് സംഘത്തിന്റെ സന്ദർശനമെന്നാണ് ഇവർ നക്കിയ വിവരം. അഞ്ച് അംഗ സംഘം ആറളം ഫാമിലെ കൃഷിയിടങ്ങളിലും പരിശോധ നടത്തിയശേഷമാണ് മടങ്ങിയത്.
കാർഷിക വിളകളുമായും ബന്ധപ്പെട്ട മൂല്യ വർധക ഉത്പ്പന്നങ്ങളുടെ സാധ്യതകളും പുതു കൃഷി രീതികളും നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള പ്രാഥമിക പരിശോധനയാണ് സംഘം പൂർത്തിയാക്കിയത്. യു എസിൽ നിന്നുള്ള ലോകബാങ്ക് പ്രതിനിധി ക്രിസ് ജക്‌സന്റെ നേതൃത്വത്തിലുള്ള സംഘം ഫാമിലെ വിവിധ ബ്ലോക്കുകളിലെ കൃഷിയിടങ്ങൾ കൂടാതെ ഫാം ആദിവാസി പുനരധിവാസ മേഖലയിലും ഫാം നേഴ്‌സറിയിലും പരിശോധന നടത്തി.
ഫാമിൽ വിളയുന്ന കശുവണ്ടി ഉൾപ്പെടെയുള്ള വിളകളുടെ ചിലവ്കുറച്ചുള്ള ഉത്പ്പാദന രീതികളും വിപണ സാധ്യതകളും സംഘം വിലയിരുത്തി. വിവിധ ഇനം വിളവുകളെപ്പറ്റിയും ഉത്പ്പാദന രീതികളെ പറ്റിയും ഫാം എം ഡിയും ജില്ലാ ഡവലപ്പ്‌മെന്റ് കമ്മീഷണറുമായ ഡി.ആർ. മേഘശ്രീയും പ്രോജക്ടറുകളുടെ സാഹയത്താൽ സംഘത്തിന് വിശദീകരിച്ചുകൊടുത്തു. ഇത് പ്രാഥമിക പരിശോധന മാത്രമാണെന്നും കൃഷി വകുപ്പിലെ ഉന്നത ഉദ്ധ്യോഗസ്ഥരുമായും വകുപ്പ് മന്ത്രിയുമായും സംസാരിച്ചശേഷം നടപ്പിലാക്കേണ്ട പതികളുടെ രൂപ രേഖ തയ്യാറാക്കുമെന്നും എം ഡി അറിയിച്ചു. സംഘത്തിൽ ഫ്രാൻസിസ്, ലിസ്ബാച്ച്, അഡാഷ് എന്നിവർക്കൊപ്പം ലോകബാങ്കിന്റെ ഇന്ത്യയിലെ പ്രതിനിധി സോണിതോമസും കൃഷി അസിസ്റ്റന്റ് ഡയരക്ടർ സി.അജിത്തും ഉണ്ടായിരുന്നു. ഫാം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പ്രസന്നൻ നായർ ഉൾപ്പെടെയുള്ള ഫാം ജീവനക്കാരും സംബന്ധിച്ചു.
ഫാമിൽ ആറുമാസമായി ശബളിമില്ലാതെ തൊഴിലെടുക്കുന്ന തൊഴിലാളികൾ ആണ് ലോകബാങ്ക് പ്രതിനിധികളുടെ സന്ദർശനത്തെ ഏറെ പ്രതീക്ഷയോടെ കാണുന്നത്. ഏറെ ആകാംക്ഷയിലാണ് ഫാം തൊഴിലാളികൾ. ലോകബാങ്ക് സംഘത്തിന്റെ സന്ദർശനം തങ്ങളുടെ മുടങ്ങിക്കിടക്കുന്ന ശബളം ലഭിക്കുന്നതിനുള്ള വഴിതുറക്കുമെന്ന് പ്രതീക്ഷിക്കുന്നവരാണ് ഭൂരിഭാഗവും. പുതിയ പദ്ധതികൾ പ്രഖ്യാപിച്ചാൽ അതിലേക്ക് നീക്കിവെക്കുന്ന പണം കുടിശ്ശിക ശബളത്തിൽ ആശ്വാസ സഹായമായെങ്കിലും ലഭിക്കുമോയെന്നാണ് ഇവർ ഉറ്റുനോക്കുന്നത്.എന്നാൽ ഫാം പണയപ്പെടുത്തി സർക്കാർ ലോക ബാങ്കിൽ നിന്നും വായ്പ്പയെടുക്കുമെന്ന് അഭിപ്രായപ്പെടുന്നവരും ഇക്കൂട്ടത്തിലുണ്ട്. ശബളം നൽകാൻ പണം ചോദിച്ചുക്കൊണ്ട് സർക്കാരിന് കത്തുകളയക്കേണ്ടെന്ന ധനകാര്യ വകുപ്പിന്റെ കർശന നിർദ്ദേശത്തിൽ പട്ടിണിയിലയവരാണ് ഫാം തൊഴിലാളികൾ. നേരത്തേ ശബളം മുടങ്ങുമ്പോൾ സർക്കാറിൽ നിന്നുംകോടിക്കണക്കിന് രൂപ അനുവദിച്ചിരുന്നു. ഫാമിലെ തൊഴിലാളികളിൽ 80 ശതമാനവും ആദിവാസിവിഭാഗങ്ങളിൽ നിന്നുള്ളവരാണ്. എന്നിട്ടും ഇവരെ സർക്കാർ പരിഗണിക്കാതെ പോകുന്നതിൽ നിരാശരാണ് തൊഴിലാളികൾ. കാട്ടാനകൾ അടക്കമുള്ള വന്യമൃഗ ശല്യമാണ് ഫാമിനെ ഈ നിലയിൽ എത്തിച്ചത്. ആന ശല്യം പരിഹരിക്കാനുള്ള ക്രിയത്മക പദ്ധതികളൊന്നും സർക്കാരും നടപ്പിലാക്കുന്നില്ല. 22 കോടി രൂപ ആന മതിൽ നിർമ്മാണത്തിനായി അനുവദിച്ചെങ്കിലും ഈ പദ്ധതികളൊന്നും വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ നടപ്പിലായിട്ടില്ല.
Post a Comment