ഇരിട്ടി : ശനിയാഴ്ച്ച നടക്കാനിരിക്കുന്ന ആനപ്പന്തി സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പിൽ സംഘർഷാന്തരീക്ഷ മുണ്ടാക്കി വൻതോതിൽ കള്ളവോട്ട് ചെയ്യിക്കാൻ കോൺഗ്രസ് ഗൂഢാലോചന നടത്തുന്നതായി എൽഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വ്യാജ തിരിച്ചറിയൽ കാർഡ് തയ്യാറാക്കാനുള്ള പദ്ധതി കഴിഞ്ഞ ദിവസം സഹകരണ വകുപ്പ്, പൊലീസ് ഇടപെടലിൽ വ്യക്തമായി. മുൻ ഡിസിസി സെക്രട്ടറിയും മുൻ ബാങ്ക് പ്രസിഡൻ്റുമായ ജെയ്സൺ തോമസ് അയ്യായിരത്തോളം പുതിയ കാർഡുകളുടെ കെട്ടുമായെത്തി സെക്രട്ടറിയെ അവിഹിതമായി ഇടപെടുവിച്ച് വ്യാജ കാർഡുകൾ തയ്യാറാക്കി വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പദ്ധതിയാണ് പൊളിഞ്ഞത്. നിലവിൽ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം കൂടിയായ ജെയ്സൻ്റെ പേരിൽ വ്യാജരേഖ ചമക്കൽ നീക്കം കുറ്റം ചുമത്തി പൊലീസ് കേസെടുത്തതോടെ തെരഞ്ഞെടുപ്പ് അട്ടിമറി നീക്കം വെളിപ്പെട്ടു. ഇത്തരം കോൺഗ്രസ് നേതാക്കളുടെ ഹീന നീക്കത്തിനെതിരെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പോരാട്ടം. സഹകരണ ജനകീയ മുന്നണി നേതൃത്വത്തിൽ ബാങ്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് വലിയ പിന്തുണ കിട്ടുന്നതിലെ പരിഭ്രാന്തിയിൽ നിന്നാണ് കള്ളവോട്ട് നടത്തി ജയിക്കാനുള്ള നീക്കം നടത്തുന്നത്. അഴിമതിയും വായ്പാതട്ടിപ്പും ക്രമക്കേടുകളും കൊടികുത്തി വാഴുന്ന ബാങ്കാണ് ആനപ്പന്തി ബാങ്ക്. യുഡിഎഫ് ഭരണസമിതിയുടെ അഴിമതിക്കെതിരെ ബാങ്കംഗങ്ങളും സഹകാരികളും നടത്തിയ പ്രക്ഷോഭങ്ങൾ വഴിയും വ്യവഹാരങ്ങളിലൂടെയുമാണ് അഴിമതി വിവരങ്ങൾ നാടറിഞ്ഞത്. അഴിമതിക്കാരെ ബാങ്ക് ഭരണത്തിൽ നിന്ന് പുറന്തള്ളാനുള്ള നീക്കത്തിലാണ് ബാങ്കംഗങ്ങൾ. യു ഡി എഫിൻ്റെ കുപ്രചരണങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണം. നീതിയുക്തമായി തെരഞ്ഞെടുപ്പ് നടക്കുമെന്ന് അധികൃതരും പൊലീസും ഉറപ്പ് വരുത്തണമെന്നും സഹകരണ ജനകീയ മുന്നണിയെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും നേതാക്കൾ അഭ്യർഥിച്ചു. കെ വി സക്കീർ ഹുസയിൻ, കെ സിജേക്കബ് മാസ്റ്റർ , ഇ എസ് സത്യൻ, ജെയ്സൺ ജീരകശേരി, ബാബുരാജ് പായം, അജയൻ പായം, വിപിൻ തോമസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആനപ്പന്തി സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പിൽ സംഘര്ഷമുണ്ടാക്കി കള്ളവോട്ട് ചെയ്യിക്കാൻ കോൺഗ്രസ് ഗൂഢാലോചന
News@Iritty
0
إرسال تعليق