Join News @ Iritty Whats App Group

നികുതിക്കെതിരെ പ്രതിഷേധം: സംസ്ഥാനത്ത് നാളെ കരിദിനം, ശക്തമായ സമരത്തിന് യുഡിഎഫ്



തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹപരമായ നികുതികൾ പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിൽ നാളെ (ഏപ്രിൽ ഒന്ന്) യുഡിഎഫ് കരിദിനമായി ആചരിക്കുമെന്ന് കൺവീനർ എംഎം ഹസൻ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും നഗരങ്ങളിലും യുഡിഎഫ് പ്രവർത്തകർ കറുത്ത ബാഡ്ജ് ധരിക്കും. കരിങ്കൊടി ഉയർത്തിയും പന്തം കൊളുത്തിയും പ്രതിഷേധം അറിയിക്കുമെന്നും ഹസൻ വ്യക്തമാക്കി.

തിരുവനന്തപുരത്ത് രാവിലെ 11ന് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെക്രട്ടേറിയറ്റിലേക്ക് പ്രകടനം നടത്തും. യുഡിഎഫ് ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കും. വെള്ളക്കരം, വൈദ്യുതി ചാര്‍ജ്, വീട്ടുകരം, ഇന്ധനവില എന്നിവ ഒരു നിയന്ത്രണവും ഇല്ലാതെ അശാസ്ത്രീയമായി വര്‍ധിപ്പിച്ച് ജനങ്ങള്‍ക്ക് എല്ലാ മേഖലകളിലും ദുര്‍ദിനമാണ് സമ്മാനിക്കുന്നതെന്ന് ഹസൻ വാർത്താക്കുറിപ്പിൽ വിമർശിച്ചു. ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്ത് വെള്ളത്തിന് പോലും നികുതി ഏര്‍പ്പെടുത്തി ജനങ്ങളുടെ വെള്ളം കുടി മുട്ടിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇന്ധനവില വര്‍ധനവ് സമസ്മത മേഖലയിലും വില വര്‍ധനവിന് വഴിവെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആറ് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ നികുതി കൊള്ളയാണ് ഈ ബജറ്റിലുണ്ടായിരിക്കുന്നതെന്നും വിമർശനമുണ്ട്. ജനജീവിതം ദുസ്സഹമാക്കുന്ന നികുതി കൊള്ളയാണ് ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. സാധാരണക്കാരന്റെയും പാവപ്പെട്ടവരുടെയും തലയില്‍ അധിക ഭാരം അടിച്ചേല്‍പ്പിച്ചുള്ള നികുതി കൊള്ളയ്ക്കെതിരെയാണ് യുഡിഎഫ് പ്രക്ഷോഭം ശക്തമാക്കുന്നത്. അത് വിജയിപ്പിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്നും ഹസ്സന്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group