Join News @ Iritty Whats App Group

ഇടതുവനിതാ നേതാക്കള്‍ക്കെതിരായ 'പൂതനാ' പരാമര്‍ശം; കെ. സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു


തിരുവനന്തപുരം: ഇടതുവനിതാ നേതാക്കള്‍ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. ഐപിസി 509, 304 എ എന്നീ വകുപ്പുകൾ പ്രകാരമാണ് കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തിരിക്കുന്നത്. മുൻ എം പിയും ജനാധിപത്യമഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായ സി എസ് സുജാത നൽകിയ പരാതിയിലാണ് നടപടി.

‘സിപിഎമ്മിലെ സ്ത്രീകൾ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി’ എന്നായിരുന്നു കെ സുരേന്ദ്രന്റെ വിവാദ പരാമര്‍ശം. കെ സുരേന്ദ്രന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസിലും പരാതി ലഭിച്ചിട്ടുണ്ട്. സിപിഎം സഹയാത്രികനായ അന്‍വര്‍ഷാ പാലോടാണ് സുരേന്ദ്രനെതിരെ പരാതി നല്‍കിയത്. സ്ത്രീകളെയാകെ അപമാനിച്ചുള്ള ബിജെപി നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ നടപടി എടുക്കണമെന്ന് പരാതിയില്‍ പറയുന്നു.

തൃശ്ശൂരില്‍ ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്‍റെ സ്വാഗതസംഘം രൂപീകരണ യോഗത്തിലായിരുന്നു കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. ‘സ്ത്രീശാക്തീകരണത്തിന്‍റെ വക്താക്കളായി അധികാരത്തില്‍ വന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ വനിതാ നേതാക്കളെല്ലാം തടിച്ചുകൊഴുത്തു. നല്ല കാശടിച്ചുമാറ്റി, തടിച്ചുകൊഴുത്ത് പൂതനകളായി അവര്‍ കേരളത്തിലെ സ്ത്രീകളെ കളിയാക്കികൊണ്ടിരിക്കുകയാണ്’ എന്നായിരുന്നു കെ സുരേന്ദ്രന്റെ വാക്കുകള്‍.

കെ സുരേന്ദ്രന്റെ പ്രസ്താവനയിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി വീണ എസ് നായർ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് യൂത്ത് കോൺ​ഗ്രസ് പരാതിയുമായി രം​ഗത്തെത്തിയത്. കെ സുരേന്ദ്രന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന അങ്ങേയറ്റം അപമാനകരവും സ്ത്രീകളോടുള്ള നീച മനോഭാവത്തിന്റെ പ്രതിഫലനവുമാണെന്നും യൂത്ത് കോൺ​ഗ്രസ് ആരോപിച്ചു.

സിപിഎം നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നു. ഓരോരുത്തരുടെയും സംസ്കാരം അവരവർ പറയുന്ന വാക്കുകളിൽ കാണാൻ കഴിയുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അത് അവരുടെ നിലവാരമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, സിപിഎം വനിതാ നേതാക്കളെ അധിക്ഷേപിച്ച കെ സുരേന്ദ്രന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. പ്രസ്താവന തിരുത്തിയില്ലെങ്കില്‍ സുരേന്ദ്രന് എതിരെ കേസെടുക്കണം. സുരേന്ദ്രനെതിരെ സിപിഎം നേതാക്കള്‍ പരാതി നല്‍കിയില്ലെങ്കില്‍ പ്രതിപക്ഷം പൊലീസില്‍ പരാതി നല്‍കുമെന്നും സതീശന്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group