കൊച്ചി : കുപ്രസിദ്ധ കുറ്റവാളി റിപ്പൻ ജയാനന്ദന് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഹൈക്കോടതി പരോൾ അനുവദിച്ചു. മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന ഭാര്യയുടെ അപേക്ഷയിലാണ് കോടതി അനുകൂലമായി വിധിച്ചത്. അമ്മയുടെ അപേക്ഷയിൽ ജയാനന്ദന്റെ മകളും അഭിഭാഷകയുമായ കീർത്തി ജയാനന്ദനാണ് പിതാവിനായി വാദിച്ചത്.
തൃശൂർ വിയ്യൂർ ജയിലിൽ അതീവ സുരക്ഷയോടെ മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ജയാനന്ദന് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പരോൾ അനുവദിക്കണമെന്നായിരുന്നു പരാതിക്കാരിയുടെ ആവശ്യം. എന്നാൽ സർക്കാർ പരോളിനെ ശക്തമായി എതിർത്തു. അഭിഭാഷകയായിട്ടല്ല, മകളായി കണ്ട് തന്റെ വാദം പരിഗണിക്കണമെന്നാണ് കീർത്തി കോടതിയോട് ആവശ്യപ്പെട്ടത്.
15 ദിവസത്തെ പരോളാണ് ആവശ്യപ്പെട്ടതെങ്കിലും രണ്ട് ദിവസം മാത്രമാണ് കോടതി അനുവദിച്ചത്. ഇരുപത്തി രണ്ടാം തീയതിയാണ് കീർത്തിയുടെ വിവാഹം.വിവാഹത്തലേന്ന് പൊലീസ് സംരക്ഷണത്തിൽ ജയാനന്ദനെ വീട്ടിലെത്തിക്കണമെന്നും, പിറ്റേന്ന് അഞ്ച് മണിവരെ ചടങ്ങുകളിൽ പങ്കെടുക്കാമെന്നും കോടതി വ്യക്തമാക്കി.
إرسال تعليق