കോഴിക്കോട്: സിനിമയില്‍ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ മലപ്പുറം സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍. പരപ്പനങ്ങാടി കുന്നുമ്മല്‍ അബൂബക്കര്‍(65), കടവത്ത് സെയ്തലവി(64)എന്നിവരാണ് അറസ്റ്റിലായത്. നടക്കാവിലെ ഫ്ളാറ്റില്‍വച്ച് ലഹരി കലര്‍ന്ന ജ്യൂസ് നല്‍കിയാണ് ഇവര്‍ പീഡനം നടത്തിയത്. കഴിഞ്ഞ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം.
സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് പ്രതികള്‍ യുവതിയെ ഫ്ളാറ്റിലേക്കു വിളിച്ചുവരുത്തി. തുടര്‍ന്ന് ജ്യൂസ് നല്കി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ നടക്കാവ് പോലീസ് കേസെടുത്ത് ടൗണ്‍ എ.സി.പി: പി. ബിജുരാജിന് അന്വേഷണച്ചുമതല കൈമാറി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഒളിവില്‍ പോയിരുന്ന പ്രതികള്‍ പിടിയിലായത്. ഇവര്‍ മലപ്പുറം സ്വദേശികളാണെന്ന സൂചനയുണ്ടായിരുന്നു. കോഴിക്കോട്ടെത്തിച്ച് ചോദ്യം ചെയ്തശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സിനിമ, സീരിയല്‍ നടിയുടെ ഒത്താശയോടെയാണു പീഡനം നടന്നതെന്ന് പരാതിക്കാരിയായ യുവതി ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. സിനിമയില്‍ അഭിനയിപ്പിക്കാമെന്നു വിശ്വസിപ്പിച്ച് നടിയാണ് യുവതിയെ നഗരത്തിലെ ഫ്ളാറ്റില്‍ എത്തിച്ചത്.
അവിടെയുണ്ടായിരുന്ന പ്രതികള്‍ സിനിമാ പ്രവര്‍ത്തകരെന്നു പറഞ്ഞ് യുവതിയെ പരിചയപ്പെടുകയും ബലംപ്രയോഗിച്ച് ലഹരി കലര്‍ത്തിയ ജ്യൂസ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് പീഡനത്തിനിരയാക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന നടിയെ പിന്നീടു കാണാതായെന്നും പരാതിയിലുണ്ട്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുള്ളതായി അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു.
إرسال تعليق