Join News @ Iritty Whats App Group

കൊതുകുതിരിയിൽ നിന്ന് തീ പടർന്ന് പുക; ഒരു കുടുംബത്തിലെ ആറ് പേർ ശ്വാസംമുട്ടി മരിച്ചു; രണ്ടു പേരുടെ നില ഗുരുതരം

രാത്രിയില്‍ കൊതുകുതിരി കത്തിച്ച് വച്ച് ഉറങ്ങിയ ഒരു കുടുംബത്തിലെ 6 പേർ ശ്വാസം മുട്ടി മരിച്ചു. ഡൽഹിയിലെ ശാസ്ത്രി പാർക്ക് ഏരിയയിൽ ഇന്ന് രാവിലെയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ദുരന്തം ഉണ്ടായത്. പിഞ്ചുകുഞ്ഞ് ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറു പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശ്വാസം മുട്ടിയാണ് മരണമെന്ന് പോലീസ് പറഞ്ഞു. രാത്രിയിൽ കത്തിച്ചുവെച്ച കൊതുക് തിരി മെത്തയിൽ വീണ് തീ പടർന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.

വീട്ടിൽ വിഷപ്പുക നിറഞ്ഞതോടെ കുടുംബാഗങ്ങൾ ഇത് ശ്വസിച്ച് അബോധാവസ്ഥയിലായി. പിന്നീട് ശ്വാസം മുട്ടി മരിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. സംഭവം നടക്കുമ്പോൾ വീട്ടിൽ ഒമ്പത് പേരാണ് ഉണ്ടായിരുന്നത്. ഇതിൽ ആറ് പേർ മരിച്ചതായി സ്ഥിരീകരിച്ചു. മറ്റ് രണ്ട് പേരെ പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ 9:00 മണിയോടെ, ശാസ്ത്രി പാർക്കിലെ മച്ചി മാർക്കറ്റിലെ മസർ വാല റോഡിലെ ഒരു വീട്ടിൽ തീപിടിത്തമുണ്ടായതായി ശാസ്ത്രി പാർക്ക് പോലീസ് സ്റ്റേഷനിൽ ഒരു ഫോൺ കോൾ ലഭിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റവരെ ജഗ് പ്രവേഷ് ചന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മരിച്ച ആറ് പേരിൽ നാല് പേർ പുരുഷന്മാരും ഒരു സ്ത്രീയും ഒരു കൊച്ചുകുട്ടിയുമാണുള്ളത്. 15 വയസുകാരിയും 45കാരനും ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ശാസ്ത്രി പാർക്ക് പോലീസ് അറിയിച്ചു. കൊതുകുതിരിയുടെ പുകയാണോ അതിന്റെ ചുരുൾ മെത്തയിൽ വീണതിനെത്തുടർന്ന് തീ പടർന്നുണ്ടായ പുകയാണോ ഈ ദുരന്തത്തിന് കാരണമെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ശാസ്ത്രീയ പരിശോധന ഇക്കാര്യത്തിൽ നടത്തുമെന്നും പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group