ആലപ്പുഴ: സുരേഷ് ഗോപിയെക്കൊണ്ട് സിനിമാ ഡയലോഗ് തട്ടി വിട്ടാൽ കേരളത്തിൽ ജയിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നരേന്ദ്ര മോദിക്കു വീണ്ടും അവസരം നൽകണമെന്ന അമിത് ഷായുടെ ആവശ്യം കേരളം തള്ളുമെന്നും ഗോവിന്ദൻ പറഞ്ഞു.
ആലപ്പുഴയിൽ പാർട്ടിയ്ക്കുള്ളിലെ വിഷയങ്ങൾ പരിഹരിക്കും. പാർട്ടിക്കകത്ത് മാധ്യമങ്ങൾ ഉണ്ടെന്ന് പറയുന്ന വിഷയങ്ങളും പരിശോധിക്കും. പാർട്ടി വിട്ടുപോയ എല്ലാവരെയും തിരിച്ചു കൊണ്ടുവരും. ഭീഷണിപ്പെടുത്തി ആരെയും ജാഥയിൽ പങ്കെടുപ്പിക്കുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കഴിഞ്ഞ ദിവസം തൃശ്ശൂരിൽ അമിത് ഷാ പങ്കെടുത്ത പൊതുപരിപാടിയിൽ സുരേഷ് ഗോപി നടത്തിയ പ്രസംഗത്തിനാണ് എംവി ഗോവിന്ദന്റെ മറുപടി. മുഖ്യമന്ത്രിയെ പരിഹസിച്ചു കൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം. എംവി ഗോവിന്ദനെതിരേയും സുരേഷ് ഗോപി സംസാരിച്ചിരുന്നു.
തൃശ്ശൂരിൽ സുരേഷ് ഗോപി പറഞ്ഞത്:
ഇരട്ടച്ചങ്കുണ്ടായത് തന്റെ സിനിമയായ ലേലത്തിലാണ്. ഇപ്പോൾ ചില ഓട്ടച്ചങ്കുകളാണ് ഇരട്ടച്ചങ്ക് ചമഞ്ഞ് ചടഞ്ഞുകൂടിയിരിക്കുന്നതെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
“ശ്രീ ഗോവിന്ദനും അദ്ദേഹത്തിന്റെ രാഷ്ട്രീയ മുതലാളിയും മനസിലാക്കിക്കോ. കേരളം ഞാന്‍ എടുത്തിരിക്കും. ഒരു സംശയവും വേണ്ടാ. 2024ല്‍ ഞാന്‍ ഇവിടെ സ്ഥാനാര്‍ത്ഥിയാണെങ്കില്‍. രണ്ടു നേതാക്കന്‍മാര്‍ മാത്രമാണ് ഇതില്‍ തീരുമാനമെടുക്കേണ്ടത്. മറ്റാര്‍ക്കും അതില്‍ അവകാശമില്ല. അങ്ങനെയൊരു ഉത്തരവാദിത്വം എല്‍പ്പിക്കുകയാണെങ്കില്‍ തൃശൂര്‍ അല്ലെങ്കില്‍ ഗോവിന്ദാ കണ്ണൂര്‍, അമിത്ഷായോട് അപേക്ഷിക്കുന്നു. ജയമല്ല പ്രധാനം, നിങ്ങളെയൊക്കെ അടിത്തറയിളക്കണം. അത്രയ്ക്ക് നിങ്ങൾ കേരള ജനതയെ ദ്രോഹിച്ചു. കണ്ണൂര്‍ തരൂ എനിക്ക്. ഞാന്‍ തയ്യാറാണ്.”
Post a Comment