ന്യൂഡല്‍ഹി: ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിയമന രീതിയില്‍ മാറ്റംവരുത്തി സുപ്രീം കോടതി നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍, തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ എന്നിവരെ തെരഞ്ഞെടുക്കാന്‍ മൂന്നംഗ സമിതിയെ കോടതി നിയോഗിച്ചു. പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സ്ഥാനത്തേക്ക് ഉള്‍പ്പെടെയുള്ള നിയമനങ്ങളില്‍ ഈ സമിതിയാകും ഇനി രാഷ്ട്രപതിക്ക് പേരുകള്‍ നിര്‍ദേശിക്കുക.
ഇതുസംബന്ധിച്ച നിയമനിര്‍മാണം പാർലമെന്‍റിൽ ഉണ്ടാകുന്നതുവരെ ഈ സമിതി തുടരുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് കെഎം ജോസഫിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെതാണ് ഉത്തരവ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനിലെ കമ്മിഷണര്‍മാരെ നിയമിക്കാന്‍ സ്വതന്ത്രസംവിധാനം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ്.
ജനാധിപത്യം സംരക്ഷിക്കാൻ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പരിശുദ്ധി നിലനിർത്തണം, അല്ലാത്തപക്ഷം അത് വിനാശകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു.
Post a Comment