തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വൻ വർധന. ഇന്ന് 765 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഒരു മാസത്തിനിടെ 20 പേർ കൊവിഡ് ബാധിച്ച് മരിച്ചെന്ന കണക്കും സംസ്ഥാന ആരോഗ്യവകുപ്പ് ഇന്ന് സ്ഥിരീകരിച്ചു. ഒമിക്രോൺ വകഭേദമാണ് വ്യാപിക്കുന്നതെന്ന് വ്യക്തമായി. പ്രതിരോധം ശക്തമാക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. ആർസിസി, മലബാർ കാൻസർ സെന്റർ, ശ്രീചിത്ര ആശുപത്രി, സ്വകാര്യ ആശുപത്രികൾ എന്നിവ കോവിഡ് രോഗികൾക്ക് പ്രത്യേകം കിടക്ക മാറ്റിവെക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസുകൾ പ്രത്യേകം റിപോർട്ട് ചെയ്യാനും ആശുപത്രികൾക്ക് നിർദേശം നൽകി. ജീവിതശൈലി രോഗം ഉളളവർ, ഗർഭിണികൾ, പ്രായമായവർ , കുട്ടികളും ലക്ഷണം കണ്ടാൽ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു മാസത്തിനിടെ 20 കോവിഡ് മരണം ഉണ്ടായിട്ടുള്ളതില്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ് അധികവും. ഐസിയുവില്‍ ചികിത്സയിലുള്ളവരിലധികവും പ്രായമുള്ളവരാണ്. അവരില്‍ പ്രമേഹവും, രക്താദിമര്‍ദവും തുടങ്ങിയ ജീവിതശൈലി രോഗങ്ങളുള്ളവരാണ് അധികവും. പ്രമേഹം, രക്താദിമര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും, പ്രായമായവരും, ഗര്‍ഭിണികളും, കുട്ടികളും മാസ്‌ക് കൃത്യമായി ധരിക്കണം. ഇവര്‍ കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന നടത്തണം. ആശുപത്രികളിലും മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം.
സംസ്ഥാനത്ത് ഫെബ്രുവരിയില്‍ കേസുകള്‍ തീരെ കുറവായിരുന്നു. എന്നാല്‍ മാര്‍ച്ച് മാസത്തോടെയാണ് കേസുകളില്‍ നേരിയ വര്‍ധനവുണ്ടായത്. ഇന്ന് 765 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസം പാടില്ല. ജനിതക പരിശോധനയ്ക്ക് അയച്ചതില്‍ കൂടുതലും ഒമിക്രോണാണ് കണ്ടെത്തിയിട്ടുള്ളത്. ജനിതക പരിശോധന വര്‍ധിപ്പിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Post a Comment