ബംഗലുരു: അഞ്ചു വര്‍ഷം പ്രണയിക്കുകയും താഴ്ന്ന ജാതിക്കാരനെന്ന് പറഞ്ഞ് വിവാഹത്തില്‍ നിന്നും പിന്മാറുകയും ചെയ്ത യുവതിയെ കാമുകന്‍ തെരുവിലിട്ട് കുത്തിക്കൊന്നു. ബംഗലുരുവില്‍ നടന്ന സംഭവത്തില്‍ 25 കാരിയായ ലീലാ പവിത്ര നലമാട്ടിയാണ് മരണമടഞ്ഞത്. 28 വയസ്സുള്ള ദിനകര്‍ ബനാലയെ പോലീസ് അറസ്റ്റ് ചെയ്തു.
വൈകിട്ട് 7.30 യോടെ കിഴക്കന്‍ ബംഗലുരുവില്‍ ജോലി ചെയ്തിരുന്ന ഓഫീസിന് മുന്നിലിട്ടായിരുന്നു ദിനകര്‍ ലീലയെ കുത്തിക്കൊന്നത്. കയ്യില്‍ കരുതിയ കത്തിയെടുത്ത് 16 തവണ ഇയാള്‍ കുത്തി. കാകിനാഡ സ്വദേശിനിയായ ലീല മുരുകേശ് പാലിയയിലെ ഒമേഗാ ഹെല്‍ത്ത്‌കെയര്‍ മാനേജ്‌മെന്റ് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരിയാണ്. ആന്ധ്രയിലെ ശ്രീകകുളം കാരനാണ് ദിനകര്‍ ബനാല ഡോംലൂറിലെ ഒരു കമ്പനിയില്‍ ആരോഗ്യസംരക്ഷണ വിഭാഗത്തില്‍ ജോലി ചെയ്യുന്നയാളാണ്.
ദിനകറും ലീലയും അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നതായി പ്രാഥമികാന്വേഷണത്തില്‍ കണെട്ത്തിയെന്ന് ഡിസിപി ഭീമശങ്കര്‍ പറയുന്നു. ഇരുവരും വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ദിനകര്‍ മറ്റൊരു ജാതിയില്‍ നിന്നുള്ള ആളായതിനാല്‍ ലീലയുടെ കുടുംബം വിവാഹത്തോട് മുഖം തിരിച്ചു. ലീല ഇക്കാര്യം ദിനകറിനെ അറിയിക്കുകയും ചെയ്തു. വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കുന്നില്ല എന്നും വിവാഹത്തില്‍ നിന്നും പിന്മാറുകയാണെന്നും ലീല പറഞ്ഞു.
ഇതില്‍ പകയുണ്ടായ ദിനകര്‍ സംഭവദിവസം ലീലയുടെ ഓഫീസിന് പുറത്ത് കാത്തുനിന്നു. ജോലി കഴിഞ്ഞ് 7 മണിയോടെ ലീല പുറത്തുവന്നതും ഇരുവരും ഒന്നും രണ്ടും പറഞ്ഞ് വഴക്കായി. ദിനകര്‍ ഉടന്‍ തന്നെ താന്‍ കരുതിക്കൂട്ടി കൊണ്ടുവന്ന കത്തി പുറത്തെടുക്കുകയും ലീലയെ പലതവണ കുത്തുകയുമായിരുന്നു. ആള്‍ക്കാര്‍ നോക്കി നില്‍ക്കേ 16 തവണയാണ് ഇയാള്‍ ലീലയ്ക്ക് മേല്‍ കത്തി താഴ്ത്തിയത്.
Post a Comment