ഗൂഡല്ലൂർ: പാടന്തറ മർകസിൽ എസ് വൈ എസിന്റെ ആഭിമുഖ്യത്തിൽ സമൂഹവിവാഹം. വിവിധ മതവിഭാഗങ്ങളിൽ പെട്ട 800 യുവതീയുവാക്കളാണ് വിവാഹിതരായത്. ഗൂഡല്ലൂർ പാടന്തറ മർകസിൽ വെച്ചയായിരുന്നു വിവാഹ മഹാ സംഗമം. പതിനായിരക്കണക്കിന് ആളുകൾ നവവദൂവരന്മാർക്ക് അനുഗ്രഹവുമായി വിവാഹത്തിന് സാക്ഷികളാകാനെത്തി.
സാദാത്തുക്കളുടെയും പണ്ഡിതരുടെയും സാന്നിധ്യത്തിൽ മർകസിലൊരുക്കിയ വേദിയിലായിരുന്നു മുസ്‌ലിം കുടുംബങ്ങളുടെ നികാഹ് കർമം നടന്നത്. 74 വധൂ വരന്മാർക്ക് പാടന്തറ ശ്രീ മുത്തുമാരിയമ്മൻ ക്ഷേത്രവും, ക്രൈസ്തവ പെൺകുട്ടികളുടെ വിവാഹ ചടങ്ങിന് സമീപത്തെ ചർച്ചും മംഗല്യ വേദികളായി.
വിവാഹ കർമങ്ങൾക്കു ശേഷം മർകസിന്റെ വേദിയിൽ വധൂവരന്മാർ ഒന്നിച്ചെത്ത. മതഭേദമില്ലാതെ അവർ ഒത്തു കൂടിയപ്പോൾ നീലഗിരിക്ക് സമ്മാനിച്ചത് സുന്നി സംഘ ചേതനയുടെ മതേതര മാതൃകയായിരുന്നു. ദിവസങ്ങൾ നീണ്ട ഒരുക്കത്തിനൊടുവിലാണ് രാജ്യത്തെ ഏറ്റവും വലിയ വിവാഹ മഹാ സംഗമത്തിലൊന്നിന്റെ സാക്ഷാത്കാരമായത്.
എസ് വൈ എസ് സംസ്ഥാന സാന്ത്വനം ചെയർമാനും പാടന്തറ മർകസിന്റെ കാര്യദർശിയുമായ ഡോ. ദേവർശോല അബ്ദുസ്സലാം മുസ്‌ലിയാർ ഉൾപ്പെടെയുള്ള സംഘാടകരുടെ കഠിനാധ്വാനവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉദാരമതികളുടെ അകമഴിഞ്ഞ സഹായവും മാംഗല്യത്തിന് സഹായകമായി. പാടന്തറ മർകസ് മുപ്പതാം വാർഷികത്തോട് അനുബന്ധിച്ച് ജില്ലാ എസ് വൈ എസിന്റെ ആഭിമുഖ്യത്തിലാണ് സമൂഹ വിവാഹം നടന്നത്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര സെക്രട്ടറി പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തി. ഇന്ത്യൻ ഗ്രാന്റ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ വീഡിയോ കോൺഫറൻസ് വഴി പരിപാടിയെ അഭിസംബോധനം ചെയ്തു. സമസ്ത സെക്രട്ടറി പേരോട് അബ്ദുർറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി. ഡോ. ദേവർഷോല അബ്ദുസ്സലാം മുസ് ലിയാർ ആമുഖ ഭാഷണം നടത്തി. എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി എ പി അബ്ദുൽ ഹകീം അസ്ഹരി, ഗൂഡല്ലൂർ ആർ ഡി ഒ മുഹമ്മദ് ഖുദ്‌റത്തുല്ല, തഹസിൽദാർ സിദ്ധരാജ് സംസാരിച്ചു.
സയ്യിദ് അലി അക്ബർ സഖാഫി അൽ ബുഖാരി സ്വാഗതവും മജീദ് കക്കാട് നന്ദിയും പറഞ്ഞു. പ്രധാന വേദിയോട് അനുബന്ധിച്ച് 16 കൗണ്ടറുകൾ നികാഹിന് വേണ്ടി സജ്ജീകരിച്ചിരുന്നു. സയ്യിദ് കോയമ്മ തങ്ങൾ കൂറാ, പി എ ഹൈദറൂസ് മുസ്‌ലിയാർ കൊല്ലം, കെ പി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം, പൊന്മള മൊയ്തീൻകുട്ടി ബാഖവി, പി ഹസൻ മുസ്‌ലിയാർ വയനാട്, അബ്ദുല്ല മുസ്‌ലിയാർ താനാളൂർ, പി വി മൊയ്തീൻകുട്ടി മുസ്‌ലിയാർ താഴപ്ര, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, അബൂ ഹനീഫൽ ഫൈസി തെന്നല, വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, അബ്ദുർറഹ്മാൻ ഫൈസി മാരായമംഗലം, വി പി എം ഫൈസി വില്യാപ്പള്ളി, ഐ എം കെ ഫൈസി തൃശൂർ, സയ്യിദ് ത്വാഹാ സഖാഫി, അലവി സഖാഫി കൊളത്തൂർ, ഫിർദൗസ് സഖാഫി കടവത്തൂർ, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി തങ്ങൾ, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, മുഹമ്മദ് പറവൂർ, സുലൈമാൻ സഖാഫി മാളിയേക്കൽ, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, ജി അബൂബക്കർ സംബന്ധിച്ചു.
Post a Comment