തിരുവനന്തപുരം: അഞ്ചു വര്‍ഷം മുന്‍പ് പത്തനംതിട്ട വെച്ചചൂച്ചിറയില്‍ നിന്ന് കാണാതായ ജെസ്‌ന മരിയ ജെയിംസിന്‍റെ തിരോധാനക്കേസിൽ അറിവുണ്ടെന്ന മൊഴിയെ തുടർന്ന് മോഷണക്കേസ് പ്രതിയെ തേടി സിബിഐ. ഈ യുവാവിനൊപ്പം ജയിലില്‍ കഴിഞ്ഞ മറ്റൊരു പ്രതിയുടെതാണ് വെളിപ്പെടുത്തല്‍. പത്തനംതിട്ട സ്വദേശിയായ മോഷണക്കേസിലെ പ്രതി ഒളിവിലൊണെന്നാണ് കണ്ടെത്തല്‍.
കൊല്ലം ജില്ലാജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നാലുമാസം മുൻപ് ഇതേക്കുറിച്ച് വിവരം ലഭിച്ചെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. പൂജപ്പുര സെൻട്രൽ ജയിലിൽ പോക്സോ കേസ് തടവുകാരിൽ നിന്നാണ് ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട വിവരം സിബിഐയ്ക്ക് ലഭിക്കുന്നത്.
സഹതടവുകാരനോടായിരുന്നു മോഷണക്കേസ് പ്രതി ഇക്കാര്യം വെളിപ്പെടുത്തിയത്. പിന്നീട് ജയിൽ മാറി തിരുവനന്തപുരം സെന്‍ട്രൽ ജയിലിൽ എത്തിയ പോക്സോ കേസിലെ പ്രതി ഇക്കാര്യം ഉദ്യോഗസ്ഥരോട് പറയുകയായിരുന്നു. സിബിഐ അന്വേഷണ സംഘം ഇയാളുടെ മൊഴിയെടുത്തിട്ടുണ്ട്.
പ്രതി നല്‍കിയ മേല്‍വിലാസം വഴി അന്വേഷിച്ച സിബിഐ മൂന്ന് കാര്യങ്ങള്‍ സ്ഥിരീകരിച്ചു. ഇങ്ങനെയൊരു പ്രതി കൊല്ലം ജില്ലാ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്, മൊഴി നല്‍കിയ പ്രതിക്കൊപ്പമായിരുന്നു ജയില്‍വാസം, പത്തനംതിട്ടയിലെ മേല്‍വിലാസവും ശരിയാണ്. എന്നാൽ ജയിലിൽ നിന്നിറങ്ങിയ പ്രതി ഒളിവിലാണ്.
2018 മാര്‍ച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്. ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ജസ്‌ന മരിയ ജയിംസിനെ കാണാതായത്. ജെസ്‌നയെ കാണാതായതിനെ തുടര്‍ന്ന് ലോക്കല്‍ പൊലീസ് മുതല്‍ വിവിധ ഏജന്‍സികള്‍ കേസ് അന്വേഷിച്ചെങ്കിലും ജസ്‌നയെ ഇതുവരെ കണ്ടെത്താനായിരുന്നില്ല. ഇതോടെ 2021 ഫെബ്രുവരിയില്‍ കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു.
2018 മാര്‍ച്ച് 22ന് ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു ജസ്‌ന വീട്ടില്‍ നിന്ന് പോയത്. തുടര്‍ന്ന് തിരിച്ചുവരാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത വെച്ചൂച്ചിറ പൊലീസാണ് ആദ്യം അന്വേഷിച്ചത്. എന്നാല്‍ ജസ്‌നയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഇതോടെ കേസ് അന്വേഷണം തിരുവല്ല ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘവും ഏറ്റെടുക്കുകയായിരുന്നു.
ജെസ്‌നയുമായി സൗഹൃദമുണ്ടായിരുന്ന സഹപാഠിയെ പല തവണ ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തില്‍ ഒരു വിവരവും ലഭിക്കാതെ വന്നോതോടെ കഴിഞ്ഞ സെപ്തംബറില്‍ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചു. പിന്നീട് ക്രൈംബ്രാഞ്ചിനും കൈമാറിയിരുന്നു. വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം പാരിതോഷികം ഉള്‍പ്പെടെ പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല.
Post a Comment