തിരുവനന്തപുരം : കേരള ജനതയുടെ പോക്കറ്റ് കൊള്ളയടിക്കുന്ന ബജറ്റാണ് ധനമന്ത്രി സഭയില്‍ അവതരിപ്പിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എം പി. സമസ്ത മേഖലയിലും വിലക്കയറ്റത്തിന് വഴിവെയ്ക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. സംസ്ഥാന സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനങ്ങളെ പിഴിയുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. രാജ്യത്ത് ഇന്ധനവില ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് ഏര്‍പ്പെടുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ചെറുകിട, ഇടത്തരം സംരംഭകരെയും പരമ്പരാഗത വ്യവസായ മേഖലയെയും തഴഞ്ഞു. ഇവര്‍ക്ക് വായ്പ, പലിശ, സബ്സിഡി എന്നിവയില്‍ കാര്യമായ ഇളവ് നല്‍കിയില്ല.
വൈദ്യുതി തീരുവ 5% കൂട്ടിയത് ഇരുട്ടടിയാണ്. കാര്‍ഷിക മേഖലയ്ക്ക് നീക്കിവെച്ച തുക തുച്ഛമാണ്. കാര്‍ഷിക കടാശ്വാസ കമ്മീഷന് മാത്രം 400 കോടിയുടെ കടബാധ്യതയുണ്ട്. നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് സപ്ലെെകോ 220 കോടിയോളം രൂപ ഇനിയും നല്‍കാനുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കെ എസ് ആര്‍ ടി സി ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനങ്ങള്‍ പരിമിതമാണ്. മദ്യത്തിന് അധികസെസ് ഏര്‍പ്പെടുത്തിയത് കേരളത്തില്‍ മറ്റ് ലഹരി ഉപയോഗം കൂടുന്നതിന് കാരണമാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
സാമൂഹ്യ ക്ഷേമ പെൻഷൻ കൂട്ടാത്തത് കടുത്ത അനീതിയാണ്. വയനാട്, കുട്ടനാട്, തീരദ്ദേശ പാക്കേജ് എന്നിവയെല്ലാം സര്‍ക്കാര്‍ മറന്നു. റബ്ബറിന്‍റെ താങ്ങുവില 250 രൂപയാക്കാന്‍ ഒരു നടപടിയും സ്വീകരിക്കാതെ വിലത്തകര്‍ച്ച കൊണ്ട് പൊറുതിമുട്ടിയ കര്‍ഷകര്‍ക്ക് ഇത്തവണയും പൊള്ളയായ വാഗ്ദാനമാണ് നല്‍കിയത്.വിലക്കയറ്റം നേരിടാനെന്ന പേരില്‍ ഇത്തവണത്തെ പോലെ കഴിഞ്ഞ വര്‍ഷവും കോടികള്‍ മാറ്റിവെച്ചെങ്കിലും ജനം വിലക്കയറ്റം കൊണ്ട് നട്ടം തിരിയുന്ന കാഴ്ചയാണ് കേരളം കണ്ടതെന്നും വേണുഗോപാല്‍ പറഞ്ഞു.
Post a Comment