തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം വഴി സഹപാഠികളായ വിദ്യാർഥിനികൾക്ക് മെസേജ് അയച്ചത് ചോദ്യം ചെയ്ത വിദ്യാർഥികൾക്ക് നേരെ വാളും ഇരുമ്പ് കമ്പിയും ഉപയോഗിച്ച് ആക്രമണം. വർക്കല ശിവഗിരിയിലെ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ അവസാന വർഷ ബികോം വിദ്യാർഥികളായ നാല് പേർക്കാണ് മർദനമേറ്റത്. വ്യാഴാഴ്ച രാവിലെ 11.45 ഓടെയാണ് വർക്കല പാലച്ചിറ ജംഗ്ഷനിൽ നിന്നും വർക്കല എസ്.എൻ കോളജ് റോഡിൽ മാരകായുധങ്ങളുമായി ബൈക്കിലെത്തിയ 12 അംഗ സംഘം റോഡരികിൽ നിന്ന വിദ്യാർഥികളെ മർദ്ദിച്ചത്.
വാളും ഇരുമ്പ് കമ്പിയും ഉപയോഗിച്ചാണ് ആക്രമണം എന്നാണ് വിദ്യാർഥികൾ പറയുന്നത്. ആക്രമണത്തിൽ പരിക്ക് പറ്റിയ അഖിൽ മുഹമ്മദ്, വിപിൻ, സിബിൻ, ആഷിക് എന്നിവരെ പരിക്കുകളോടെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ സഹപാഠിയുടെ ചില സുഹൃത്തുക്കൾ പതിവായി കോളജിൽ എത്താറുണ്ടായിരുന്നുവെന്നാണ് വിദ്യാർഥികൾ പറയുന്നത്. ഈ സംഘം തങ്ങളുടെ സഹപാഠികളായ പെൺസുഹൃത്തുക്കളെ ശല്ല്യം ചെയ്യുന്ന രീതിയിൽ ഇൻസ്റ്റാഗ്രാമിൽ അനാവശ്യ മെസേജുകൾ അയക്കാറുണ്ടെന്നും ഇക്കാര്യം ചോദ്യം ചെയ്യുകയും വാക്കേറ്റത്തിൽ കലാശിക്കുകയുമായിരുന്നു.
തുടർന്നാണ് ഒരു സംഘം മാരകായുധങ്ങളുമായി തങ്ങളെ അക്രമിച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നത്. സംഘം കൈയിൽ കരുതിയിരുന്ന വാൾ കൊണ്ട് വെട്ടുകയായിരുന്നുവെന്നും കമ്പിപ്പാര കൊണ്ട് തലക്കടിച്ച് നിലത്തിട്ട് ചവിട്ടിയതായും വിദ്യാർഥികൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി അക്രമി സംഘം വാട്‌സ്ആപ്പിൽ അയച്ച സന്ദേശങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ടെന്നാണ് വിദ്യാർഥികൾ പറയുന്നത്. സംഭവത്തിൽ വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.
إرسال تعليق