ചെന്നൈ: നടി വാണി ജയറാമിൻ്റെ മരണം പുറത്തറിയാൻ വൈകിയെന്ന് സൂചന. ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡിൽ ഉള്ള വസതിയിലാണ് വാണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2018-ൽ ഭര്‍ത്താവ് ജയറാം അന്തരിച്ച ശേഷം വാണി ഒറ്റയ്ക്കായിരുന്നു ഈ വീട്ടിൽ താമസം. ഇന്ന് രാവിലെ 11 മണിയോടെ സഹായിയായ സ്ത്രീ വീട്ടിലെത്തിയെങ്കിലും വാണി വാതിൽ തുറന്നില്ല. ഇതോടെ ഇവര്‍ ബന്ധുക്കളേയും പൊലീസിനേയും വിവരം അറിയിച്ചു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി വാതിൽ പൊളിച്ച് അകത്ത് പ്രവേശിക്കുകയായിരുന്നു. കിടപ്പുമുറിയിൽ മരണപ്പെട്ട നിലയിലാണ് വാണിയെ കണ്ടെത്തിയത്.
ചെന്നൈ ഡെപ്യൂട്ടി കമ്മിഷണർ ശേഖർ ദേശ്മുഖ് പിന്നീട് വാണി ജയറാമിന്റെ വീട്ടിൽ നേരിട്ടെത്തി പരിശോധന നടത്തി. വാണി മുറിയിൽ കുഴഞ്ഞു വീണു മരിച്ചതാവാം എന്നാണ് നിലവിൽ പൊലീസിൻ്റെ നിഗമനം. മൃതദേഹത്തിൻ്റെ നെറ്റിയിൽ മുറിവുണ്ടെന്നും എന്നാൽ ഇത് വീഴ്ചയിൽ മുറിയിലെ ടീപ്പോയിയിൽ തലയിടിച്ചപ്പോൾ സംഭവിച്ചതാവാമെന്നും ശേഖര്‍ ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനായി വാണി ജയറാമിൻ്റെ മൃതദേഹം ഓമന്തുരാർ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Post a Comment