കാസര്‍കോട്: കാസര്‍കോട് പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാര്‍വതിയുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്. അഞ്ജുശ്രീയുടെ മരണം എലിവിഷം അകത്ത് ചെന്നാണെന്ന രാസ പരിശോധനാ ഫലം ലഭിച്ചു. അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഇത് സ്ഥിരീകരിച്ചു. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് കാസര്‍കോട് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു.
ജനുവരി ഏഴിനാണ് 19 കാരിയായ അഞ്ജുശ്രീ മരിച്ചത്. കോഴിക്കോട് ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് എലിവിഷം അകത്ത് ചെന്നാണ് മരണമെന്ന് സ്ഥിരീകരിച്ചത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ലഭിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇത് സ്ഥിരീകരിക്കുന്നു. അഞ്ജുശ്രീയുടെ മരണം ആത്മഹത്യയാണെന്ന് കാസര്‍കോട് ജില്ലാ പൊലിസ് മേധാവി വൈഭവ് സക്സേന പറഞ്ഞു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു.
കാസര്‍കോട്ടെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് മരണമെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ ബന്ധുക്കള‍് മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മരണം ഭക്ഷ്യ വിഷബാധമൂലമല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷബാധയേറ്റാണ് മരണമെന്ന് കണ്ടെത്തി. ഏത് തരം വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് അറിയാനായാണ് അന്വേഷണ സംഘം പെണ്‍കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചത്.
Post a Comment