ന്യൂഡൽഹി: മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനോ പ്രാര്‍ഥന നടത്തുന്നതിനോ വിലക്കുകളില്ലെന്ന് ഓള്‍ ഇന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രാർത്ഥനക്കായി പള്ളിയിൽ പ്രവേശിക്കാമെങ്കിലും പുരുഷൻമാർക്കൊപ്പമിരുന്ന് പ്രാർത്ഥിക്കാൻ ഇസ്ലാം മതം സ്ത്രീകളെ അനുവദിക്കുന്നില്ല എന്നും ഓള്‍ ഇന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കി.
മുസ്ലീം സ്ത്രീകള്‍ പള്ളിയില്‍ പ്രവേശനം നിഷേധിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മുസ്ലീം വനിതയും ആക്ടിവിസ്റ്റുമായ അഡ്വക്കേറ്റ് ഫർഹ അൻവർ ഹുസൈൻ ഷെയ്ഖ് നല്‍കിയ ഹര്‍ജിയിലാണ് ഓള്‍ ഇന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് നയം വ്യക്തമാക്കിയത്. മുസ്ലീം സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശനം നിരോധിക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് അഡ്വക്കേറ്റ് ഫർഹ തന്റെ ഹർജിയിൽ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
ഇത് മുസ്ലീം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങളുടെയും അന്തസോടെ ജീവിക്കാനുള്ള അവകാശത്തിന്റെയും ലംഘനം ആണെന്നും അത്തരമൊരു നിയമം ഖുറാനിലെവിടെയും പറയുന്നില്ലെന്നും അവർ വാദിച്ചു. ഇസ്‌ലാം മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥങ്ങളിൽ സ്ത്രീപുരുഷ വേർതിരിവിനെക്കുറിച്ചു പറയുന്ന ഭാഗങ്ങളൊന്നും ഇല്ലെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി.
പ്രവാചകന്‍ മുഹമ്മദ് നബി പുരുഷന്മാരോട് ഭാര്യമാരെ പള്ളിയില്‍ കൊണ്ടുപോകണമെന്ന് ഉപദേശിച്ചതായും അഡ്വക്കേറ്റ് ഫർഹ പറഞ്ഞു. തന്റെ വാദത്തെ സാധൂകരിക്കാൻ, മക്കയിലും മദീനയിലും സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് തീര്‍ത്ഥാടനം നടത്തുന്ന കാര്യവും ഹർജിക്കാരി ചൂണ്ടിക്കാട്ടി. അവിടെ വനിതാ തീർഥാടകർ പുരുഷൻമാരോടൊപ്പം തന്നെയാണ് ഹജ്ജ്, ഉംറ കർമ്മങ്ങൾ ചെയ്യുന്നത് എന്നും അഡ്വക്കേറ്റ് ഫർഹ ചൂണ്ടിക്കാട്ടി.
എന്നാൽ ഹർജിക്കാരിയുടെ വാദങ്ങൾ മുഴുവനായും ബോർഡ് അംഗീകരിച്ചില്ല. മുസ്ലീം സ്ത്രീകൾക്ക് പ്രാർത്ഥന നടത്താൻ പള്ളികളിൽ പ്രവേശിക്കുന്നതിന് വിലക്കില്ല. അത്തരം പ്രാർത്ഥനകൾ അനുവദനീയമാണ്. ഒരു മുസ്ലീം സ്ത്രീക്ക് പ്രാർത്ഥനയ്ക്കായി മസ്ജിദിൽ പ്രവേശിക്കാൻ സ്വാതന്ത്ര്യമുണ്ട്. അത്തരം സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനുള്ള അവകാശം വിനിയോഗിക്കണോ വേണ്ടയോ എന്നത് അവരുടെ തീരുമാനം ആണ്.
ഇതിന് വിരുദ്ധമായി, മതപരമായ ഒരു അഭിപ്രായത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഓൾ ഇന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഇസ്ലാമിക നിയമപ്രകാരം, പുരുഷന്മാരിൽ നിന്ന് വ്യത്യസ്തമായി മുസ്ലീം സ്ത്രീകൾ ഒരു ദിവസം അഞ്ച് തവണ പ്രാർത്ഥന നടത്തേണ്ടതില്ല എന്നും ഓൾ ഇന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ് വ്യക്തമാക്കി.
മുസ്‌ലിം സ്ത്രീകൾ വെള്ളിയാഴ്ചകളിൽ ആഴ്ചതോറും ചെയ്യേണ്ട നമസ്‌കാരം നടത്തണമെന്ന് മതം നിർബന്ധിക്കുന്നില്ലെന്നും എന്നാൽ പുരുഷൻമാർ അവ നിർബന്ധമായും ചെയ്യേണ്ടതാണെന്നും ബോർഡ് പറഞ്ഞു. മക്കയിൽ മറ്റ് ക്രമീകരണങ്ങൾ ഇല്ലാത്തതിനാലാണ് പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച് പ്രാർത്ഥിക്കുന്നതെന്നും പ്രാർത്ഥന ആരംഭിച്ച ശേഷം, സ്‌ത്രീകളും പുരുഷന്മാരും വേവ്വേറെ കൂട്ടങ്ങളായി തിരിഞ്ഞ് അത് തുടരുമെന്നും ബോർഡ് വ്യക്തമാക്കി. മക്കയിലെ ആചാരങ്ങളിൽ നിന്ന് വ്യത്യസ്‌തമാണ് ഒരു മസ്ജിദിലെ പ്രാർത്ഥനകൾ എന്നും ഓൾ ഇന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു.
Post a Comment