ദില്ലി: ദില്ലിയിൽ ലിവ് ഇൻ പങ്കാളിയായ യുവതിയെ യുവാവ് തീകൊളുത്തി കൊന്നു. അമൻ വിഹാർ സ്വദേശി മോഹിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിന്‍റെ മയക്കുമരുന്ന് ഉപയോഗം ചോദ്യം ചെയ്തപ്പോൾ ടർപ്പന്റൈൻ ഓയിൽ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇന്നലെ രാത്രിയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. ഈ മാസം പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ് ദില്ലി എയിംസിൽ ചികിത്സയിലായിരുന്ന യുവതി മരിക്കുന്നതിന് മുൻപ് യുവാവിനെതിരെ മൊഴി നൽകിയിരുന്നു.
മോഹിത്തിനെതിരെ കൊലപാതകകുറ്റം ചുമത്തിയെന്നും ദില്ലി പൊലീസ് അറിയിച്ചു. ഭര്‍ത്താവിനെ ഉപേക്ഷിച്ച യുവതി കഴിഞ്ഞ ആറ് വര്‍ഷമായി മോഹിത്തിനൊപ്പമായിരുന്നു താമസം. മയക്കുമരുന്ന് ഉപയോഗിച്ച് ചോദ്യം ചെയ്ത യുവതിയുടെ ദേഹത്തേക്ക് ടർപ്പന്റൈൻ ഓയിൽ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റസ്റ്റോറന്റിലെ ഫ്രിഡ്ജിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ ഞെട്ടലില്‍ നിന്ന് രാജ്യതലസ്ഥാനം മുക്തമാകുന്നതിന് മുമ്പാണ് മറ്റൊരു കൊലപാതകം കൂടെ ഉണ്ടായിരിക്കുന്നത്.
ഫെബ്രുവരി 14നാണ് നിക്കി എന്ന യുവതിയുടെ മൃതദേഹം റസ്റ്റോറന്റിലെ ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയത്. കേസില്‍ ലിവ് ഇൻ പങ്കാളിയായ സഹില്‍ ഗെഹ്‍ലോട്ടും പിതാവും അറസ്റ്റിലായിരുന്നു. നിക്കിയെ കൊലപ്പെടുത്തിയ ദിവസം തന്നെ സഹിൽ വേറെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ അഞ്ച് പേരാണ് ആകെ അറസ്റ്റിലായിട്ടുള്ളത്. സഹിലും നിക്കിയും 2020 ഒക്ടോബറിൽ നോയിഡയിലെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായതായി പൊലീസ് അറിയിച്ചു.
സഹിലിന്റെ കുടുംബം നിക്കിയുമായുള്ള ബന്ധം അംഗീകരിച്ചില്ല. അവർ സഹിലിനെ വേറൊരു വിവാഹത്തിന് നിർബന്ധിക്കുകയും ചെയ്തു. പങ്കാളിയുടെ വിവാഹം വേറൊരു പെൺകുട്ടിയുമായി നിശ്ചയിച്ചത് നിക്കി അറിഞ്ഞിരുന്നില്ല. വിവാഹത്തിന് ഒരു ദിവസം മുമ്പാണ് ഇക്കാര്യം അറിഞ്ഞത്. നിക്കിയെ സഹിൽ മൊബൈൽ ഫോൺ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദ്വാരകയ്ക്ക് സമീപമുള്ള വാടക വീട്ടിലാണ് സഹിലും നിക്കിയും താമസിച്ചിരുന്നത്. സഹിൽ തന്റെ വിവാഹ ആലോചനകൾ രഹസ്യമാക്കി വെച്ചെങ്കിലും നിക്കി അതിനെക്കുറിച്ച് അറിഞ്ഞതോടെ പ്രശ്നങ്ങളുണ്ടായി. തുടർന്നായിരുന്നു കൊലപാതകം.
Post a Comment