Join News @ Iritty Whats App Group

മാക്കൂട്ടം ചുരം പാതയിലെ മാലിന്യം തള്ളൽ;ഒരാഴ്ചത്തെ മുന്നറിയിപ്പ് നടപടികൾ അവസാനിച്ചു, മാലിന്യ നിക്ഷേപം തുടർന്നാൽ വന്യജീവി നിയമപ്രകാരം നടപടി



ഇരിട്ടി: മാക്കൂട്ടം ചുരം പാതയിലെ മാലിന്യ നിക്ഷേപത്തിനെതിരെ കർണാടക വനം വകുപ്പ് നടപടി കർശനമാക്കിയതോടെ ആറ് ദിവസത്തിനുള്ളിൽ കുടുങ്ങിയത് ആറ് വാഹനങ്ങൾ. രണ്ടുപേരെ അറസ്റ്റുചെയ്ത് ജയിലിടച്ചു. തലശ്ശേരി - കുടക് അന്തർ സംസ്ഥാനപാതയുടെ ഭാഗമായ മാക്കൂട്ടം ചുരത്തിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതം പരിധിയിൽ മാലിന്യം കൊണ്ടുവന്ന തള്ളിയതിന് രണ്ട് ലോറി, ഒരു മിനി ലോറി, രണ്ട് പിക്കപ്പ് ജീപ്പ്, ഒരു കാർ എന്നിവയാണ് പിടികൂടിയത്. ഇവരിൽ നിന്നും 38,000 രൂപ പിഴ അടപ്പിച്ചു.  
ആദ്യദിവസം കസ്റ്റഡിയിൽ ആയ ആന്ധ്രപ്രദേശ് രജിസ്ട്രേഷൻ ലോറിയിലെ രണ്ട് ജീവനക്കാർ ആറുദിവസമായി മടിക്കേരി ജയിലിലാണ്. വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസെടുത്താണ് ഇവരെ കോടതിയിൽ ഹാജരാക്കി റിമൈൻഡ് ചെയ്തത്. തുടർന്നുള്ള ദിവസങ്ങളിൽ പിടിയിലായ മറ്റു വാഹനങ്ങളിലെ ജീവനക്കാർ ജയിലിൽ പോകുന്ന തൊഴിവാക്കാൻ വനമേഖല ഉൾക്കൊള്ളുന്ന ബെട്ടോളി പഞ്ചായത്ത് അധികൃതർക്ക് കൈമാറി പിഴ അടപ്പിക്കുകയാണ് ചെയ്തത്.  
ആദ്യത്തെയാഴ്ച മുന്നറിയിപ്പ് എന്ന നിലയിൽ മാലിന്യ നിക്ഷേപകർക്കെതിരെ മൃദു നടപടി എന്ന നിലയിൽ പിഴ ഈടാക്കി വിട്ടയക്കുകയായിരുന്നു. ഇനിയുള്ള ദിവസങ്ങളിൽ വന്യജീവി സംരക്ഷണ നിയമ പ്രകാരം തന്നെ കേസെടുക്കുമെന്ന് മാക്കൂട്ടം വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. രണ്ടര വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. വന്യജീവി സങ്കേതത്തിൽ വന്യജീവികൾക്ക് ആപത്ത് ഉണ്ടാക്കും വിധം മാലിന്യം വിക്ഷേപിക്കുന്നതിന് എതിരെയാണ് ഈ നിയമം. അന്തർസംസ്ഥാന പാതയുടെ ഭാഗമായ മാക്കൂട്ടം ചുരത്തിൽ കേരളത്തിൽ നിന്നും ലോഡ് ഇറക്കി പോകുന്ന വാഹനങ്ങൾ ആണ് തിരിച്ചുവരുമ്പോൾ മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്. 
 ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ കണ്ണൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ലോഡ് ഇറക്കുമ്പോൾ അത്തരം പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാലിന്യ മാഫിയ സംഘങ്ങൾ തുച്ഛമായ പണം നൽകി ചുരം പാതയിലെ ആളില്ലാത്ത സ്ഥലം നോക്കി തള്ളുന്നതിനായി കൊടുത്ത് വിടുകയാണ് ചെയ്യുന്നത്. കഴഞ്ഞ 31ന് ആദ്യം പിടിയിലായ ആന്ധ്രപ്രദേശ് രജിസ്ട്രേഷൻ ലോറി ജീവനക്കാർക്ക് ചാക്കുകളിൽ ആക്കിയ മാലിന്യങ്ങൾക്കൊപ്പം വെറും 100 രൂപയാണ് നൽകിയത്. ഇതുവരെ പിടിയിലായ വാഹനങ്ങളുടെ ജീവനക്കാരെല്ലാം ഇ വിധത്തിലുള്ള മൊഴികളാണ് നൽകിയത്. 
നടപടി ശക്തമായി തുടരുമെന്നും അടുത്ത ഘട്ടത്തിൽ കൊടുത്തു വിടുന്നവരെയും പ്രതി ചേർക്കുമെന്നും കർണാടക വനം വകുപ്പധികൃതർ വ്യക്തമാക്കി. കൂട്ടുപുഴ മുതൽ പെരുമ്പാടി വരെയുള്ള 16 കിലോമീറ്റർ വരുന്ന കർണാടകയുടെ വനപാതയിൽ റോഡുകളുടെ ഇരുവശവും വാഹനങ്ങൾ നിർത്തിയിടുന്നതും മദ്യപിക്കുന്നതും തടയുന്ന നടപടികളും ഇതോടൊപ്പം ശക്തമാക്കിയിട്ടുണ്ട്. ചുരം പാതയിൽ ടാറിങ് കഴിഞ്ഞ് വാഹനങ്ങൾ ഒതുക്കി ഇടുവാൻ വീതിയുണ്ടായിരുന്ന എല്ലാ ഭാഗങ്ങളിലും മരക്കഷണങ്ങൾ മുറിച്ചിട്ടും കല്ലുകളും മണൽ ചാക്കുകൾ നിരത്തിയും തടസ്സങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. കർണാടകയിലേക്ക് പോകുന്ന മുഴുവൻ വാഹനങ്ങളും മാക്കൂട്ടം ഫോറസ്ററ് ചെക്ക്‌പോസ്റ്റിൽ പരിശോധന നടത്തിയാണ് വിട്ടയക്കുന്നത്. കൂടാതെ വകുപ്പിന്റെ മഫ്ടിയിലുള്ള സംഘവും മാക്കൂട്ടം ചുരം പാതയിൽ മുഴുവൻ സമയവും റോന്ത് ചുറ്റുന്നുണ്ട്. ഞായറാഴ്ച ദിവസങ്ങളിൽ കുടക് യാത്ര നടത്തുന്ന ലഹരി സംഘങ്ങളെ നേരിടുന്നതിനും പ്രത്യേക സംഘത്തെ പാതയിൽ നിയോഗിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group