കേരളത്തിലെ അഭ്യസ്തവിദ്യരായ വനിതകള്‍ക്ക് സ്വകാര്യ മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതിനായി കേരള നോളജ് ഇക്കണോമി മിഷന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, കുടുംബശ്രീ മിഷന്‍ എന്നിവയുമായി സഹകരിച്ച് തൊഴില്‍മേള സംഘടിപ്പിക്കുന്നു. ഫെബ്രുവരി 25ന് രാവിലെ എട്ട് മണി മുതല്‍ കണ്ണൂര്‍ ഗവ. കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ.വനിതാ കോളേജിലാണ് തൊഴില്‍ മേള.
സര്‍ക്കാരിന്റെ നോളജ് ഇക്കണോമി മിഷന്‍ വികസിപ്പിച്ചെടുത്ത ഡി ഡബ്ല്യു എം എസ് (ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം) പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡി ഡബ്ല്യു എം എസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവും ലഭിക്കും. ജില്ലക്കകത്തും പുറത്തു നിന്നുമുള്ള നിരവധി തൊഴില്‍ദാതാക്കള്‍ തൊഴില്‍മേളയുടെ ഭാഗമാകുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
കൂടാതെ ഡി ഡബ്ല്യുഎംഎസ് പോര്‍ട്ടല്‍ വഴി സോഫ്റ്റ് സ്‌കില്‍ പരിശീലനം നേടിയ ഉദ്യോഗാര്‍ഥികളെ പ്രാദേശികാടിസ്ഥനത്തില്‍ ലഭ്യമാകുന്നതിനുള്ള അവസരവുമുണ്ടാകും. തൊഴില്‍ ദാതാക്കളും തൊഴില്‍മേളയില്‍ പങ്കെടുക്കുന്നതിന് മുമ്പ് ഡി ഡബ്ല്യു എം എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കാന്‍ താല്‍പര്യമുള്ള തൊഴില്‍ദാതാക്കള്‍ക്ക് kshreekdisc.knr@gmail.com വഴി ആശയവിനിമയം നടത്താം. കൂടുതല്‍ വിവരങ്ങള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ ഓഫീസില്‍ നിയമിതരായ കമ്മ്യൂണിറ്റി അംബാസഡര്‍മാരില്‍ നിന്നും ലഭിക്കും. ഫോണ്‍: 0497 2702080.
Post a Comment