മലപ്പുറം/കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ട കൊലക്കേസ് പ്രതിയായ യുവതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയിലായി. കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി ബിഹാര്‍ സ്വദേശിനി പുനംദേവി(30)യാണ് മലപ്പുറം വേങ്ങരയില്‍നിന്നു പിടിയിലായത്.
വേങ്ങര ഇരിങ്ങല്ലൂര്‍ കോട്ടക്കല്‍ റോഡിലെ യാറംപടി പി.കെ. ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യുവതി കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവായ ബിഹാര്‍ സ്വദേശി സന്‍ജിത് പസ്വാനെ(33) സാരി കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തിെയന്ന കേസില്‍ റിമാന്‍ഡ് പ്രതിയാണ്.
വെള്ളിയാഴ്ച അറസ്റ്റിലായ യുവതി മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡിലായിരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിതിനെത്തുടര്‍ന്ന് കുതിരവട്ടത്ത് ചികിത്സയ്‌ക്കെത്തിച്ച യുവതി ശുചിമുറിയുടെ വെന്റിലേറ്റര്‍ ഗ്രില്‍ ഇളക്കിമാറ്റിയാണ് രക്ഷപ്പെട്ടത്. മഞ്ചേരി മെഡി. കോളജില്‍നിന്നാണ് പ്രതിയെ കുതിരവട്ടത്തേക്ക് റഫര്‍ ചെയ്തത്. ശനിയാഴ്ച വൈകിട്ട് 3.45നാണ് പൂനംദേവി കുതിരവട്ടത്ത് പ്രവേശിപ്പിക്കപ്പെട്ടത്.
പുലര്‍ച്ചെ 12.15നു ശേഷം രക്ഷപ്പെടുകയായിരുന്നു. കടുത്ത മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലെ ഒന്നാംനിലയിലെ ഫോറന്‍സിക് വാര്‍ഡിലാണ് കഴിഞ്ഞിരുന്നത്. വാര്‍ഡിലെ ശുചിമുറിയുടെ ഗ്രില്‍ ഇഷ്ടിക കൊണ്ട് കുത്തിയിളക്കി വെന്റിലേറ്റര്‍ ഹോള്‍ വഴി താഴെ ഇറങ്ങുകയും ശേഷം അവിടെയുണ്ടായിരുന്ന കേബിള്‍ വയറില്‍ തൂങ്ങി പുറത്തെത്തുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു.
പൂനംദേവി രക്ഷപ്പെട്ടെന്നു വ്യക്തമായ ഉടന്‍ നഗരത്തിലുടനീളം പോലീസ് പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. വേങ്ങര പോലീസിലും വിവരം അറിയിച്ചു. രാവിലെ 7.30ന് കോഴിക്കോട് നിന്ന് ബസില്‍ കയറിയ പൂനം വേങ്ങരയില്‍ ബസ് ഇറങ്ങിയപ്പോള്‍ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു. കൊലക്കേസ് പ്രതികളെയും മറ്റും പ്രത്യേകമായി താമസിപ്പിക്കുന്ന ഫോറന്‍സിക് വാര്‍ഡ് മണിക്കൂറുകള്‍ ഇടവിട്ട് പെട്രോളിങ് നടത്തുന്ന വാര്‍ഡാണ്. ഇവിടെനിന്നാണു പൂനംദേവി രക്ഷപ്പെട്ടത്.
സഹതടവുകാരുടെ അറിവോടെയാണ് പൂനം രക്ഷപ്പെട്ടതെന്നാണു പോലീസ് പറയുന്നത്. കുഞ്ഞിനെ കാണാന്‍ വേണ്ടി പോകുന്നുവെന്നാണ് അവരോട് പറഞ്ഞത്. ശുചിമുറി ഏറെ സമയം തുറക്കാതെയായതോടെയാണ് പ്രതി രക്ഷപ്പെട്ട കാര്യം മനസിലായത്. ജനുവരി 31ന് രാത്രിയിലാണ് സന്‍ജിത് പസ്വാന്‍ കൊല്ലപ്പെട്ടത്.
Post a Comment