Join News @ Iritty Whats App Group

സ്വകാര്യ ബസുകളിൽ ക്യാമറ വെക്കണമെന്ന നിർദേശം അപ്രായോഗികം; സർവ്വീസുകൾ നിർത്തിവെക്കുമെന്ന് ബസുടമകൾ

പാലക്കാട്: സ്വകാര്യ ബസുകളിൽ ഫെബ്രുവരി 28നകം ക്യാമറകൾ ഘടിപ്പിക്കണമെന്ന ഗതാഗതവകുപ്പ് നിർദേശം അപ്രായോഗികമെന്ന് ബസ് ഉടമകൾ. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിനാൽ, റോഡ് സേഫ്റ്റി ഫണ്ടിൽ നിന്ന് ക്യാമറ വാങ്ങി നൽകണം എന്നാണ് ബസുടമകളുടെ ആവശ്യം. നേരത്തെ, പകുതി തുക റോഡ് സുരക്ഷാ ഫണ്ടിൽ നിന്നും നൽകും എന്നായിരുന്ന സർക്കാർ പറഞ്ഞിരുന്നത്. അതോടൊപ്പം ക്യാമറ ഘടിപ്പിക്കൽ, ബസുകളുടെ ഫിറ്റ്നസ് പരിശോധനാ സമയത്തേക്ക് നീട്ടണമെന്നും ബസ് ഉടമകൾ ആവശ്യപ്പെടുന്നു. അനുകൂല നടപടി ഇല്ലെങ്കിൽ മാർച്ച് ഒന്ന് മുതൽ സർവീസുകൾ നിർത്തിവയ്ക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ വ്യക്തമാക്കി. 

സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന എല്ലാ ബസുകളിലും ഈ മാസം 28 ന് മുമ്പ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്നാണ് ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന്‍റെ നിര്‍ദ്ദേശം. സ്വകാര്യ ബസുകളില്‍ ക്യാമറ സ്ഥാപിക്കുന്നതിന്‍റെ ചിലവില്‍ പകുതി റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും. കെഎസ്ആർടിസി ബസുകളിലും ക്യാമറ സ്ഥാപിക്കും. സ്വകാര്യ ബസുകളുടെ മത്സരയോട്ടം മൂലമുള്ള അപകടസാഹചര്യങ്ങൾ ചർച്ച ചെയ്യാൻ ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

യോഗത്തിലെ മറ്റ് തീരുമാനങ്ങള്‍

  • സ്വകാര്യ  ബസുകളുടെ നിരീക്ഷണ ചുമതല ഇനി മുതൽ ഉദ്യോഗസ്ഥർക്ക് പ്രത്യേകമായി നല്‍കും
  • ഡ്രൈവർമാരുടെ ലൈസൻസിന്‍റെ കോപ്പി അടക്കമുള്ള വിവരങ്ങൾ ബസുടമകൾ ഗതാഗത വകുപ്പിനെ അറിയിക്കണം
  • സ്വകാര്യ ബസ് ജീവനക്കാർക്ക് 6 മാസത്തിലൊരിക്കൽ റോഡ് സുരക്ഷാ ബോധവത്ക്കരണ ക്ലാസ് നല്‍കും
  • ലൈസൻസ് ഇല്ലാതെ ഡ്രൈവർമാർ ഓടിക്കുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കും.

Post a Comment

Previous Post Next Post
Join Our Whats App Group