Join News @ Iritty Whats App Group

ശരീരത്തില്‍ മര്‍ദനമേറ്റ ലക്ഷണമില്ല; വിശ്വനാഥന്‍റേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്‍റേത് തൂങ്ങിമരണമെന്ന് സ്ഥിരീകരണം. ശരീരത്തില്‍ മര്‍ദനമേറ്റത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.ആറ് മുറിവുകൾ ശരീരത്തിലുണ്ടായിരുന്നു. ഇത് മരത്തിൽ ഉരഞ്ഞതുമൂലം ഉണ്ടായതാണെന്നും ഫൊറന്‍സിക് സര്‍ജന്‍റെ മൊഴിയിലുണ്ട്. ആൾക്കൂട്ട ആക്രമണത്തിന് നിലവിൽ തെളിവില്ലെങ്കിലും ശാസ്ത്രീയ അന്വേഷണം തുടരുകയാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പുകാരനായി എത്തിയ വയനാട് സ്വദേശി വിശ്വനാഥനെ എട്ടാം തിയ്യതി രാത്രിയാണ് ആശുപത്രിയില്‍നിന്ന് കാണാതായത്. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിക്ക് സമീപത്തെ മരത്തില്‍ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മോഷണക്കുറ്റം ആരോപിച്ച് സുരക്ഷാ ജീവനക്കാര്‍ ചോദ്യംചെയ്തതിന് പിന്നാലെ വിശ്വനാഥനെ കാണാതാവുകയായിരുന്നു എന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. രോഗിയുടെ കൂട്ടിരിപ്പുകാര്‍ക്ക് ഇരിക്കാനുള്ള സ്ഥലത്ത് ഇരിക്കുന്നതിനിടെ ഒരാളുടെ പഴ്സും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു.

ഇത് മോഷ്ടിച്ചത് വിശ്വനാഥനാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. അപമാനഭാരം സഹിക്കവയ്യാതെയാണ് മകന്‍ ജീവനൊടുക്കിയതെന്നാണ്‌ കുടുംബം ആരോപിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group