തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യകാര്യത്തില്‍ വിവാദം തുടരുന്നതിനിടയില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു. അദ്ദേഹത്തിന് വിദഗ്ദ്ധചികിത്സ ഉറപ്പാക്കുമെന്നും മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് തുടര്‍ചികിത്സ നടത്തുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ എത്തിയാണ് വീണാജോര്‍ജ്ജ് മൂന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.
ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയെ ഇന്നലെ വൈകിട്ട് നെയ്യാറ്റിന്‍കരയിലെ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദേശത്തുപോയി ചികിത്സ നടത്തി തിരിച്ചുവന്ന ഉമ്മന്‍ ചാണ്ടിക്കു തുടര്‍ ചികിത്സ നിഷേധിക്കുന്നെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ സഹോദരന്‍ അലക്‌സ് വി. ചാണ്ടി ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ രംഗത്ത് വന്നിരുന്നു. ഇതു ചൂണ്ടിക്കാട്ടി അവര്‍ മുഖ്യമന്ത്രിക്കു കത്തും നല്‍കിയിരുന്നു.
വിദേശ ചികിത്സയ്ക്കുശേഷം ബംഗളൂരുവില്‍ തുടര്‍ ചികിത്സയ്ക്കു പോകുമെന്നാണ് പറഞ്ഞിരുന്നത്. അതിന്റെ സമയം കഴിഞ്ഞപ്പോഴാണ് പരാതി ഉയര്‍ന്നത്. തുടര്‍ ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടിയെ ഉടന്‍ ബംഗളൂരുവില്‍ കൊണ്ടുപോകുമെന്ന് ഇന്നലെ യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസന്‍ വ്യക്തമാക്കിയിരുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്റണിയും എം.എം. ഹസനും ഇന്നലെ തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലെത്തി ഉമ്മന്‍ ചാണ്ടിയെ കണ്ടു. സാധാരണ സന്ദര്‍ശനംമാത്രമാണെന്നായിരുന്നു ആന്റണിയുടെ പ്രതികരണം. ഉമ്മന്‍ ചാണ്ടിയുമായി രാഷ്ട്രീയ കാര്യങ്ങളാണ് ചര്‍ച്ചചെയ്തെതന്നു പറഞ്ഞ അദ്ദേഹം വിവാദ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.
ചികിത്സ നിഷേധിക്കുന്നെന്ന പരാതി ഉമ്മന്‍ ചാണ്ടിയുടെ കുടുംബം നേരത്തെ നിഷേധിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിതന്നെ പരാതി നിഷേധിച്ചു വീഡിയോ സന്ദേശം പുറത്തുവിടുകയും ചെയ്തു. ആ വീഡിയോയിലാകട്ടെ അദ്ദേഹത്തിന്റെ സ്ഥിതി അവശനിലയിലായിരുന്നു.
Post a Comment