തിരുവനന്തപുരം: ന്യുമോണിയ ബാധിച്ചു ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. വിദഗ്‌ധ ചികിത്സയ്ക്കായി സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകുന്ന കാര്യത്തിൽ കുടുംബം ഇന്ന് അന്തിമ തീരുമാനം എടുക്കും. എഐസിസി നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ ബെന്നി ബഹനാൻ എംപി നിംസ് ആശുപത്രിയിൽ എത്തി ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം ബംഗളൂരുവിലേക്ക് കൊണ്ടുപോകുന്ന കാര്യത്തിൽ തീരുമാനമെടുക്കും.
അർബുദ രോഗവുമായി ബന്ധപ്പെട്ട തുടർ ചികിത്സ ബംഗളൂരുവിൽ തന്നെ നൽകിയാൽ മതിയെന്ന തീരുമാനത്തിലാണ് കുടുംബം. നിംസ് ആശുപത്രിയിലെ ചികിത്സ പൂർത്തിയായതായും നെഫ്രോളജി വിഭാഗം മേധാവി ഡോക്ടർ മഞ്ജു തമ്പി അറിയിച്ചു.
Also Read- ഉമ്മൻചാണ്ടിയുടെ വീഡിയോ പുറത്തിറക്കിയത് ഗതികേട് കൊണ്ടെന്ന് മകൻ ചാണ്ടി ഉമ്മൻ
നെയ്യാറ്റിൻകരയിലെ നിംസ് ആശുപത്രിയിലാണ് ഉമ്മൻ ചാണ്ടി ചികിത്സയിൽ കഴിയുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില പൂർവ്വസ്ഥിതിയിലായെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്.
ഇന്നലെ വൈകിട്ട് സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡ് അംഗങ്ങൾ ഉമ്മൻചാണ്ടിയെ പരിശോധിച്ചിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനാൽ തുടർ ചികിത്സയ്ക്ക് അദ്ദേഹത്തിന്റേയും കുടുംബാംഗങ്ങളുടേയും താത്പര്യമനുസരിച്ചുള്ള ആശുപത്രിയിലേക്ക് മാറ്റുന്നതിൽ തടസ്സമില്ലെന്നാണ് മെഡിക്കൽ ബോർഡ് അറിയിച്ചിരിക്കുന്നത്.
Post a Comment